കേരളം സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതയിലേക്ക്‌; ആയഞ്ചേരിയിൽ വളണ്ടിയർ പരിശീലനം ആരംഭിച്ചു


ആയഞ്ചേരി: നവംബര്‍ ഒന്നിന് കേരളം സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിൻ്റെ ഭാഗമായി ആയഞ്ചേരി ഗ്രാമപഞ്ചായത്തില്‍ വളണ്ടിയർ പരിശീലനം ആരംഭിച്ചു. പഞ്ചായത്തിലെ 14നും 65നും ഇടയ്ക്ക്‌ പ്രായമുള്ള മുഴുവൻ പേരെയും ഡിജിറ്റൽ സാക്ഷരരാക്കുന്ന പ്രവർത്തനങ്ങള്‍ക്കാണ് തുടക്കം കുറിച്ചത്‌.

ആയഞ്ചേരി കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച പരിപാടി ആരോഗ്യ- വിദ്യഭ്യാസ സ്റ്റാൻ്റിഗ് കമ്മിറ്റി ചെയർമാൻ ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഡിജി കേരളയുടെ വളണ്ടിയർ രജിസ്ട്രേഷൻ പോർട്ടലിൽ പേര് രജിസ്റ്റർ ചെയ്ത സന്നദ്ധ പ്രവർത്തകർക്കാണ് സാക്ഷരതാ മിഷൻ്റെ നേതൃത്വത്തിൽ പരിശീലനം നൽകിയത്.

ഒന്നാം ഘട്ടത്തിൽ വാർഡ് അടിസ്ഥാനത്തിൽ വീടുകൾ കേന്ദ്രീകരിച്ച് സർവ്വേ നടത്തി നിരക്ഷരരെ കണ്ടെത്തി. രണ്ടാംഘട്ടത്തിലാണ് അവരെ ഡിജിറ്റൽ സാക്ഷരാക്കുന്ന പ്രവർത്തനം ആരംഭിക്കുക. പഞ്ചായത്ത് തലം, ജില്ലാ തലം പ്രഖ്യാപനം കഴിഞ്ഞതിന് ശേഷമാണ് നവംബര്‍ ഒന്ന് കേരളപ്പിറവി ദിനത്തിൽ കേരളം സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതയുള്ള സംസ്ഥാനമായി പ്രഖ്യാപിക്കുന്നത്.

ക്ഷേമ കാര്യ സ്റ്റാൻറിഗ് കമ്മിറ്റി ചെയർപേഴ്‌സണ്‍ ലതിക പി.എം അധ്യക്ഷം വഹിച്ചു. വാർഡ് മെമ്പർമാരായ ഷൈബ മല്ലി വീട്ടിൽ, പ്രബിത അണിയോത്ത്, അസി.സെക്രട്ടറി രാജീവ് കുമാർ വി.എം, ഷിജില എൻ.കെ, നിഹാദ് അബ്ദുൾ മജീദ്, അംജദ് അബ്ബാസ്, ഷെറില പി, സജിത്ത് കുന്നുമ്മൽ എന്നിവർ സംസാരിച്ചു.