വോളിബോളില്‍ പുത്തന്‍ പരീക്ഷണവുമായി വോളി ലവ്; വടകരയില്‍ 5,6 തീയതികളില്‍ ടൂര്‍ണമെന്റ്‌


വടകര: വോളിബോളില്‍ പുതിയ പരീക്ഷണവുമായി വോളിബോള്‍ കൂട്ടായ്മയായ വോളിലവ് 20-20 രംഗത്ത്. ഏതു പൊസിഷനിലും കളിക്കാൻ പര്യാപ്തമായ വിധത്തിൽ കളിക്കാരെ വാർത്തെടുക്കുകയെന്ന ലക്ഷ്യത്തോടെ നാലുകളിക്കാർ വീതവും രണ്ടുകളിക്കാർ വീതവും കളിക്കുന്ന വോളിബോൾ ടൂർണമെന്റ് വടകരയിൽ നടത്തും. ജനുവരി 5,6 തീയതികളില്‍ വടകര ഐ.പി.എം അക്കാദമിയിലാണ് മത്സരം. വടകരയിലെ വോളി കൂട്ടായ്മയായ വീ വണ്‍ ഗ്രൂപ്പ്, ഐ.പി.എം അക്കാദമി എന്നിവയുടെ സഹകരണത്തോടെയാണ് മത്സരം സംഘടിപ്പിക്കുന്നത്.

19 വയസ്സിനു താഴെയുള്ളവർക്കാണ് മത്സരം. ആൺ വിഭാഗത്തിൽ നാലുപേർ വീതവും രണ്ടുപേർ വീതവും പങ്കെടുക്കുന്ന മത്സരമുണ്ടാകും. പെൺകുട്ടികളുടെ വിഭാഗത്തിൽ രണ്ടുപേർ വീതമുള്ള മത്സരമാണ്. കളിമികവ് വർധിപ്പിക്കാനാണ് ഈ പരീക്ഷണമെന്ന് ഭാരവാഹികൾ വ്യക്തമാക്കി. വിവിധ അക്കാദമികളിൽ നിന്നുള്ള എട്ട് ടീം ആൺവിഭാഗത്തിലും നാല് ടീം പെൺകുട്ടികളുടെ വിഭാഗത്തിലും പങ്കെടുക്കും.

മാത്രമല്ല മികച്ച കളിക്കാരെ കണ്ടെത്തി അവർക്ക് പുരസ്കാരം നൽകും. വടകരയ്ക്ക് പിന്നാലെ കൊല്ലം, ഏറണാകുളം എന്നിവിടങ്ങളിലും ഇതേ മത്സരം നടത്തും. മികച്ച കളിക്കാർക്ക് ഓസ്‌ട്രേലിയയിലും ഗൾഫ് നാടുകളിലും പരിശീലനത്തിനും അവസരമുണ്ടാകും. പത്രസമ്മേളനത്തിൽ വോളി ലവ് കൂട്ടായ്മ അഡ്മിൻ കെ. സന്തോഷ് കുമാർ, പി.എം മണിബാബു, എം.ഹരീന്ദ്രൻ, ടി.പി രാധാകൃഷ്ണൻ, ടി.പി മുസ്തഫ എന്നിവർ പങ്കെടുത്തു.

Description: Volleyball Tournament at Vadakara on 5th and 6th