ബെംഗളൂരുവിലെ അപ്പാർട്മെന്റില്‍ വ്‌ളോഗറുടെ കൊലപാതകം; കണ്ണൂർ സ്വദേശിയായ പ്രതി ആരവ് പിടിയില്‍
കണ്ണൂർ: ബെംഗളൂരുവിലെ അപ്പാർട്മെൻ്റിൽ അസം സ്വദേശിയായ വ്‌ളോഗര്‍ മായ ഗൊഗോയിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി കണ്ണൂർ സ്വദേശി ആരവ് ഹനോയ് പോലീസ് പിടിയില്‍. കര്‍ണാടക പോലീസ് ഉത്തരേന്ത്യയില്‍ നിന്നാണ് ആരവിനെ പിടികൂടിയത്. രാത്രിയോടെ ബെംഗളൂരുവിലെത്തിക്കും.
കഴിഞ്ഞ ശനിയാഴ്ചയാണ് ആസാം സ്വദേശിയായ മായ ഗാഗോയി എന്ന യുവതിയും ആരവും ബെംഗളൂരു ഇന്ദിരാ നഗറിലെ അപ്പാര്‍ട്ട്മെന്റില്‍ റൂം എടുത്തത്. ഞായറാഴ്ച യുവതി കൊല്ലപ്പെട്ടതായാണ് പൊലീസിന്റെ നിഗമനം. യുവതിയുടെ നെഞ്ചില്‍ ഒന്നിലധികം തവണ കുത്തേറ്റിരുന്നതായാണ് പൊലീസ് പറയുന്നത്. ചൊവ്വാഴ്ച പുലര്‍ച്ചെ വരെ ആരവ് അപ്പാര്‍ട്ട്‌മെന്റില്‍ ഉണ്ടായിരുന്നുവെന്നും അതുവരെ മൃതദേഹത്തിനൊപ്പം കഴിഞ്ഞുകൂടിയതായും പൊലീസ് പറയുന്നു.
ബെംഗളൂരുവിന് സമീപം കോറമംഗളയിലായിരുന്നു വ്‌ളോഗറായ മായ ജോലി ചെയ്തിരുന്നത്. യൂട്യൂബില്‍ ഫാഷന്‍, ഭക്ഷണം എന്നിവയെ കുറിച്ചുള്ള വീഡിയോകളാണ് മായ പ്രധാനമായും പങ്കിട്ടിരിക്കുന്നത്. കണ്ണൂര്‍ തോട്ടട സ്വദേശിയാണ് 21-കാരനായ ആരവ്. ബെംഗളൂരുവില്‍ സ്വകാര്യ സ്ഥാപനത്തില്‍ സ്റ്റുഡൻ്റ് കൗണ്‍സലറായി ജോലി ചെയ്യുകയായിരുന്നു. കൊല്ലപ്പെട്ട 19-കാരിയായ മായയുമായി ആറു മാസത്തോളമായി അടുപ്പത്തിലായിരുന്നു ആരവ്. സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട ഇരുവരുടേയും പ്രണയ ബന്ധത്തിലുണ്ടായ തര്‍ക്കങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന.
Description: Vlogger’s murder in Bengaluru apartment; Arav, a native of Kannur, was arrested