പെനാല്‍ട്ടി ഷൂട്ടൗട്ടിലും സമനില, ഒടുവില്‍ ടോസിട്ട് നേടിയ വിജയം; ചെറുവണ്ണൂരില്‍ നടക്കുന്ന ഇ.എം.എസ് കപ്പ് ഫുട്‌ബോള്‍ മേളയുടെ രണ്ടാം ദിനത്തില്‍ വിജയികളായി വീവണ്‍ എഫ്.സി വയനാട്
ചെറുവണ്ണൂര്‍: ഡിവൈഎഫ്‌ഐ ചെറുവണ്ണൂര്‍ മേഖലാ കമ്മിറ്റി മുയിപ്പോത്ത് നിരപ്പം ഫ്‌ലഡ് ലൈറ്റ് സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച ഇ.എം.എസ് കപ്പ് ഉത്തരമേഖല ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ രണ്ടാം ദിനമായ ബുധനാഴ്ച എഫ്.സി വയനാടും വീവണ്‍ സ്‌പോര്‍ട്‌സ് വടകരയും വിജയികളായി.
വീവണ്‍ എഫ്.സി വയനാടും ബിബോയ്‌സ് തിരുവോടും തമ്മില്‍ ഏറ്റുമുട്ടിയ ആദ്യ മത്സരത്തില്‍ ഇഞ്ചോടിഞ്ച് പോരാടി ഇരു ടീമുകളും രണ്ട് ഗോള്‍ വീതം നേടി. പിന്നീട് പെനാല്‍റ്റി ഷൂട്ട് ഔട്ടിലും സമനില തുടര്‍ന്നതിനാല്‍ ടോസിട്ടാണ് വീവണ്‍ എഫ്.സി വയനാടിനെ വിജയിയായി പ്രഖ്യാപിക്കുന്നത്. രണ്ടാം മത്സരത്തില്‍ എന്‍.എഫ്.എ നിരപ്പത്തെ 1-0 ത്തിന് തളച്ചാണ് വീവണ്‍ സ്‌പോര്‍ട്‌സ് വടകര വിജയത്തിലേക്കെത്തിയത്.
മെയ്യ് 16 മുതല്‍ ആരംഭിച്ച മത്സരം 19 വരെ തുടരും. മലബാറിലെ പ്രമുഖ ടീമുകളായ ഫാല്‍ക്കണ്‍സ് തിരുവോട്, എം.എഫ്.എ സ്‌പോര്‍ട്‌സ് മാഹി, ഷോബോയ്‌സ് പേരാമ്പ്ര, സോക്കര്‍ കാലിക്കറ്റ്, വീവണ്‍ എഫ്.സി വയനാട്, ബിബോയ്‌സ് തിരുവോട്, എന്‍.എഫ്.എ നിരപ്പം, വീവണ്‍ സ്‌പോര്‍ട്‌സ് വടകര എന്നീ ടീമുകളാണ് മത്സരിക്കുന്നത്. ദിവസവും രാത്രി 6.30നും 8മണിക്കുമായി രണ്ട് മത്സരങ്ങളാണ് നടക്കുന്നത്. ടൂര്‍ണമെന്റിന്റെ അവസാന ദിനമായ മെയ് 19ന് ഫൈനല്‍ മത്സരം നടക്കും.
കഴിഞ്ഞ കളികളില്‍ വിജയിച്ച ടീമുകള്‍ അണിനിരക്കുന്ന രണ്ട് സെമിഫൈനല്‍ മത്സരങ്ങള്‍ ഇന്ന് നടക്കും.