ഗള്‍ഫ് രാജ്യങ്ങളിലെ കമ്പനിയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയശേഷം മുങ്ങി: തട്ടിപ്പ് സംഘം പ്രവര്‍ത്തിച്ചത് ബാലുശേരി കേന്ദ്രീകരിച്ച്; ഇരയായത് നിരവധി പേര്‍


ബാലുശ്ശേരി: ഗള്‍ഫ് രാജ്യങ്ങളിലേക്ക് കമ്പനി വിസ വാഗ്ദാനം ചെയ്ത് പണം വാങ്ങിയശേഷം ട്രാവല്‍സ് ഉടമകള്‍ മുങ്ങിയതായി പരാതി. ബാലുശ്ശേരിയില്‍ പ്രവര്‍ത്തിച്ചിരുന്ന അല്‍ഫാരിസ് ട്രാവല്‍സ് ഉടമകള്‍ക്കെതിരെയാണ് നിരവധി പേര്‍ പരാതിയുമായി ബാലുശ്ശേരി പൊലീസ് സ്റ്റേഷനിലെത്തിയത്.

പണം നഷ്ടപ്പെട്ട പാലക്കാട് പട്ടാമ്പി ചെറുകിടങ്ങാട് സ്വദേശി ഊരോത്തൊടിയില്‍ സിറാജുദ്ദീന്റെ പരാതിയില്‍ അല്‍ഫാരിസ് ട്രാവല്‍സ് ഉടമ പാലക്കാട് സ്വദേശി സൈതലവി, അബൂബക്കര്‍ എന്നിവര്‍ക്കെതിരെ ബാലുശ്ശേരി പൊലീസ് കേസെടുത്തു. സംഭവത്തില്‍ അഡീഷനല്‍ എസ്.ഐ എം.കെ.സജുവിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.

വിദേശ രാജ്യങ്ങളില്‍ വിവിധ കമ്പനികളില്‍ ജോലി വാഗ്ദാനം ചെയ്ത് പത്രങ്ങളിലും മറ്റും പരസ്യം ചെയ്താണ് ട്രാവല്‍സ് ഉടമകള്‍ ആളുകളില്‍നിന്ന് പണം തട്ടിയത്. പരസ്യം കണ്ട് ബന്ധപ്പെടുന്നവരോട് ഖത്തറിലെ ദോഹയിലും മറ്റും ഓഫിസുകളുണ്ടെന്ന് വിശ്വസിപ്പിച്ചു. പിന്നെ ജോലിയുടെ സവിശേഷതകള്‍ പറഞ്ഞ് ബാലുശ്ശേരിയിലെ ഓഫിസിലേക്കെത്തിച്ച് അഡ്വാന്‍സ് തുക കൈപ്പറ്റുകയാണ് ഇവരുടെ രീതി.

കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തില്‍ കബളിപ്പിക്കപ്പെട്ടവര്‍ നിരവധിയുള്ളതായി അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. വിസ വാഗ്ദാനം നല്‍കി പലരില്‍ നിന്നും അഡ്വാന്‍സായി 5000 മുതല്‍ ഒരു ലക്ഷത്തിലധികം രൂപ വരെ ട്രാവല്‍സ് ഉടമകള്‍ കൈപ്പറ്റിയതായി പൊലീസ് പറഞ്ഞു. പരാതിക്കാരില്‍ പലരുടെയും പാസ്‌പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, ഐഡി കാര്‍ഡ് എന്നിവയും ഇവര്‍ വാങ്ങിവെച്ചിട്ടുണ്ട്. വിസ ലഭിക്കുകയോ പണം തിരികെ ലഭിക്കുകയോ ചെയ്യാതെ വന്നപ്പോഴാണ് തട്ടിപ്പിനിരയായവര്‍ ബാലുശ്ശേരിയിലെ ഓഫിസ് തേടി എത്തിയത്.

എന്നാല്‍, അപ്പോഴേക്കും ഓഫിസ് അടച്ചുപൂട്ടി ഉടമകള്‍ മുങ്ങിയിരുന്നു. ഇതേതുടര്‍ന്നാണ് തട്ടിപ്പിനിരയായ ഏതാനും പേര്‍ പരാതിയുമായി പൊലീസിലെത്തിയത്.

Summary: Offered a job in a company in the Gulf countries and then drowned after extorting money: The fraud gang operated based in Balushery; There were many victims