ചൈനയിൽ വീണ്ടും വൈറസ് വ്യാപനം; എന്താണ് എച്ച്.എം.പി.വി വൈറസ്, ലക്ഷണങ്ങൾ അറിയാം
ചൈന: കൊവിഡ് പൊട്ടിപ്പുറപ്പെട്ട് അഞ്ച് വര്‍ഷങ്ങള്‍ക്കുശേഷം ചൈനയില്‍ വീണ്ടും മറ്റൊരു വൈറസ് വ്യാപനം. ഹ്യൂമന്‍ മെറ്റന്യൂമോ വൈറസാണ് (എച്ച്.എം.പി.വി) വ്യാപകമായി പടരുന്നത് കോവിഡിന് സമാനമായ പനി പോലുള്ള ലക്ഷണങ്ങളാണ് എച്ച്.എം.പി.വി ബാധിച്ചവരിലും കണ്ടുവരുന്നത്. ആശുപത്രികളും ശ്മശാനങ്ങളും നിറഞ്ഞുവെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.
ഉദ്യോഗസ്ഥര്‍ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെങ്കിലും പകര്‍ച്ചവ്യാധിയുടെ പല വശങ്ങളും ഇപ്പോഴും വ്യക്തമല്ല. രോഗത്തെ എങ്ങനെ ഫലപ്രദമായി നിയന്ത്രിക്കാം എന്നതില്‍ വ്യക്തത നേടാന്‍ കഴിയാത്തതും ആരോഗ്യ പ്രവര്‍ത്തകരെ ബുദ്ധിമുട്ടിക്കുന്നുണ്ട്. കുട്ടികളില്‍ ന്യൂമോണിയ വര്‍ധിക്കുന്നതും ആശങ്ക പരത്തുന്നു.
എന്താണ് എച്ച്.എം.പി.വി വൈറസ്
ന്യൂമോവിരിഡേ കുടുംബത്തിലെ മെറ്റാന്യുമോ വൈറസ് വര്‍ഗത്തില്‍പെട്ട വൈറസാണിത്. ശ്വാസകോശ അണുബാധയുള്ള കുട്ടികളില്‍ നിന്നുള്ള സാമ്പിളുകള്‍ പഠിക്കുന്നതിനിടെ 2001 ല്‍ ഡച്ച് ഗവേഷകരാണ് ഇത് ആദ്യമായി കണ്ടെത്തിയത്. പ്രായമായവരും കുട്ടികളും പ്രതിരോധശക്തി കുറഞ്ഞവരുമാണ് അപകടസാധ്യതാ വിഭാഗത്തിലുള്ളത്.
ഫ്‌ളൂ ആയോ, ചുമ, ജലദോഷം, പനി, തുമ്മല്‍ എന്നിങ്ങനെയോ ശരീരത്തില്‍ കയറുന്ന വൈറസ് രോഗപ്രതിരോധ ശേഷി കുറവുള്ളവരില്‍ പിന്നീട് ബ്രോങ്കൈറ്റിസ്, ന്യുമോണിയ എന്നിവയിലേക്കു കടക്കും. രോഗം വര്‍ധിക്കുന്നതില്‍ കോവിഡിന് ശേഷമുള്ള ശാരീരിക അവസ്ഥയും, തണുപ്പ്കാലത്ത് വ്യാപനശേഷി കൂടാനും സാധ്യതയുണ്ട്. രോഗബാധയുള്ള വ്യക്തിയില്‍ നിന്ന് മറ്റൊരാളിലേയ്ക്ക് രോഗം പകരും. കുട്ടികളും പ്രായമായവരും രോഗപ്രതിരോധശേഷി കുറഞ്ഞവരും മുന്‍കരുതലുകള്‍ എടുക്കേണ്ടതാണ്.
രാജ്യത്തുടനീളം എച്ച്.എം.പി.വി കേസുകള്‍ വര്‍ധിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. വൈറസ് ബാധിച്ചവരില്‍ ഏറെപ്പേരും രോഗം തിരിച്ചറിയുന്നില്ലെന്നും ടെസ്റ്റുകള്‍ ചെയ്യുന്നില്ലെന്നും ആരോഗ്യ വിദഗ്ധര്‍ ആശങ്കപ്പെടുന്നു. വൈറസിനെ പ്രതിരോധിക്കാന്‍ പ്രാപ്തമായ വാക്സിന്‍ കണ്ടെത്തിയിട്ടില്ലാത്തനും ആന്റിവൈറല്‍ മരുന്നുകള്‍ ഇല്ലാത്തതുമാണ് പ്രാധാന വെല്ലുവിളി.
Summary: Virus outbreak again in China; What is the HMPV virus and know the symptoms