വെർച്വൽ അറസ്റ്റ് തട്ടിപ്പ്; എലത്തൂർ സ്വദേശിക്ക് നഷ്ടമായത് ഒമ്പത് ലക്ഷത്തോളം രൂപ, പോലിസ് കേസെടുത്തു
കോഴിക്കോട്: വെർച്വൽ അറസ്റ്റ് തട്ടിപ്പിലൂടെ എലത്തൂർ സ്വദേശിയുടെ ഒമ്പത് ലക്ഷത്തോളം രൂപ തട്ടിയെടുത്തതായി പരാതി. മുംബൈയിൽ മുൻപ് ഇറിഗേഷൻ ഡിപ്പാർട്ട്മെന്റിൽ ജോലി ചെയ്തിരുന്ന വയോധികനാണ് തട്ടിപ്പിനിരയായത്. മുംബൈയിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥൻ എന്ന് പറഞ്ഞാണ് തട്ടിപ്പ് സംഘം ഫോണിലൂടെ വയോധികനെ സമീപിച്ചത്.
മുംബൈയിൽ ജോലി ചെയ്തിരുന്ന സമയത്ത് മനുഷ്യക്കടത്ത് നടത്തിയെന്നും വെർച്വൽ അറസ്റ്റ് രേഖപ്പെടുത്തുമെന്നും പറഞ്ഞായിരുന്നു തട്ടിപ്പ് സംഘം ഫോണിൽ ബന്ധപ്പെട്ടത്. കേസിന്റെ ആവശ്യത്തിന് ബാങ്ക് രേഖകൾ അയച്ചു നൽകാനും ആവശ്യപ്പെട്ടു. ബാങ്ക് രേഖകൾ കൈക്കലാക്കിയ സംഘം 8.80ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. തെലങ്കാനയിലെ അക്കൗണ്ടിലേക്കാണ് പണം പോയതെന്ന് എലത്തൂർ പൊലീസ് പറഞ്ഞു.
