‘അര്‍ജന്റായി അവധി വേണം, അര്‍ജന്റീനയുടെ കളി കാണാനുള്ളതാണ്’; ലോകകപ്പില്‍ അര്‍ജന്റീനയുടെ പ്രകടനം കാണാന്‍ അവധിക്കപേക്ഷിച്ച് നൊച്ചാട് എച്ച്.എസ്.എസിലെ കുട്ടിഫാന്‍സ്


നൊച്ചാട്: ഫുട്ബോള്‍ പ്രേമികളുടെ നെഞ്ചില്‍ ആവേശത്തന്റെ പെരുമ്പറമുഴക്കി ലോകകപ്പ് ഫുട്ബോളിന് ഇന്നലെ തുടക്കമായി. ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന ഈ ഫുട്ബോള്‍ മാമാങ്കത്തില്‍ തങ്ങളുടെ ഇഷ്ട ടീമിന്റെ കളി കാണാന്‍, ഇഷ്ടകളിക്കാരുടെ പന്തിന് പുറകേയുള്ള പാച്ചിലുകാണാന്‍ അവധി തരണമെന്ന ആവശ്യവുമായി അധ്യാപകന് അപേക്ഷയും നല്‍കി കാത്തിരിക്കുകയാണ് നൊച്ചാട് എച്ച്.എസ്.എസിലെ കുട്ടികള്‍.

ഇന്ന് ഉച്ചയ്ക്ക് 3.30 ന് അര്‍ജന്റീനയും സൗദി അറേബ്യയുമായി നടക്കുന്ന മത്സരം കാണല്‍ ഞങ്ങള്‍ അര്‍ജന്റീനാ ഫാന്‍സിന് അനിവാര്യമായി തോന്നുന്നുവെന്നും അതിനാല്‍ സ്കൂള്‍ മൂന്ന് മണിക്ക് വിടണമെന്നുമാണ് കുട്ടി ഫാന്‍സുകാരുടെ ആവശ്യം. നൊച്ചാടിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികളാണ് ഈ രസകരമായ അപേക്ഷയുമായി അധ്യാപകനെ സമീപിച്ചത്. അപേക്ഷയില്‍ ഓരോ വിദ്യാര്‍ഥിയുടെയും പേരും ക്ലാസും എഴുതിച്ചേര്‍ത്ത് അതോടൊപ്പം ഒപ്പും ഇട്ട് തങ്ങളുടെ ആവശ്യത്തിലെ ആത്മാര്‍ഥത കുട്ടികള്‍ വ്യക്തമാക്കുന്നു.

ക്ലാസിലെ അര്‍ജന്റീനാ ഫാന്‍സുകാരുടെ അവധി അപേക്ഷ അധ്യാപകന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെ അത് വൈറലായി മാറിയിരിക്കുകയാണ്. നിരവധി പേര്‍ ഇപ്പോള്‍ ആ അപേക്ഷ ഷെയര്‍ ചെയ്തും നര്‍മ്മം കലര്‍ന്ന കമറ്റുകള്‍ പാസാക്കിയും രംഗത്ത് വന്നിട്ടുണ്ട്. ഞങ്ങള്‍ അര്‍ജന്റീനാ ഫാന്‍സ് വേറെ ലെവലല്ലേയെന്ന് കുട്ടി ഫാന്‍സിനെ നോക്കി മുതിര്‍ന്ന ഫാന്‍സുകാര്‍ അഭിമാനത്തോടെ പറയുന്നുമുണ്ട്.

എന്തായാലും അര്‍ജന്റീനയുടെ കളി കാണാന്‍ കുട്ടികള്‍ക്ക് അവധികിട്ടുമോയെന്ന് കാത്തിരുന്ന് കാണാം.