ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന പനി, ഭേദമായാലും ഇടയ്ക്കിടെ വീണ്ടും വരും; കുട്ടികളില്‍ വൈറല്‍ പനി വ്യാപകം, കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തുന്നത് ദിവസം 200ഓളം പനി ബാധിതര്‍- സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ ഇവയാണ്
കോഴിക്കോട്: കുട്ടികള്‍ക്കിടയില്‍ വൈറല്‍ പനി വ്യാപകമാകുന്നു. ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്നതും ഭേദമായാലും ഇടയ്ക്കിടെ വീണ്ടും വരുന്ന രീതിയിലുമാണ് പനി വരുന്നത്.
സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ ഒ.പിയില്‍ ചികിത്സ തേടുന്നവരില്‍ വലിയൊരു വിഭാഗവും ഇത്തരത്തില്‍ പനി ബാധിച്ച കുട്ടികളാണ്. കോഴിക്കോട് മെഡിക്കല്‍ കോളജ് ഐ.എം.സി.എച്ചിലെ ഒ.പിയില്‍ ചികിത്സ തേടുന്ന അഞ്ഞൂറോളം പേരില്‍ ഏതാണ്ട് ഇരുനൂറ് പേരും വൈറല്‍ പനി ബാധിച്ചവരാണ്. ചിലര്‍ക്ക് പനി മൂര്‍ച്ഛിച്ച് ശ്വാസകോശത്തിനും തലച്ചോറിനും വരെ ബാധിക്കുന്ന രീതിയിലാവുന്നുണ്ട്.
മുന്‍വര്‍ഷത്തേക്കാള്‍ വൈറല്‍ പനി ബാധിതരുടെ എണ്ണം കൂടിയതായി ഡോക്ടര്‍മാര്‍ പറയുന്നു. ജൂലൈ മുതലാണ് വര്‍ധനയുള്ളത്. കോവിഡ് സാഹചര്യത്തില്‍ മാറ്റം വന്നതോടെ കുട്ടികള്‍ മാസ്‌ക് ധരിക്കാതെ സ്‌കൂളിലെത്തുന്നത് പനി പകരാനിടയാക്കുന്നുണ്ടെന്നാണ് മെഡിക്കല്‍ കോളേജിലെ പീഡിയാട്രിക് വിഭാഗം മേധാവി വി.ടി.അജിത് കുമാര്‍ പറയുന്നത്. മാസ്‌ക് ധരിച്ചെത്തുന്നത് കോവിഡില്‍ നിന്നെന്നപോലെ വൈറല്‍ പനിയില്‍ നിന്നും സംരക്ഷിക്കും.
പനിയും ജലദോഷവും ഉള്ള കുട്ടികള്‍ അസുഖം മാറുന്നതുവരെ സ്‌കൂളില്‍ വരരുത്. ഹൃദയം, ശ്വാസകോശം തുടങ്ങിവയുമായി ബന്ധപ്പെട്ട് അസുഖങ്ങള്‍ക്ക് ചികിത്സതേടുന്ന കുട്ടികള്‍ക്ക് പ്രതിരോധശേഷി ഉറപ്പുവരുത്തുന്നതിനായി ഇന്‍ഫ്‌ളുവന്‍സ വാക്‌സിന്‍ നല്‍കാവുന്നതാണെന്നും ഡോക്ടര്‍ പറയുന്നു.