അരിക്കുളത്തെ വ്യാപാരിക്ക് നേരെയുള്ള അതിക്രമം; മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന് പ്രവാസിലീഗ്


മേപ്പയ്യൂർ: അരിക്കുളത്തെ പ്രവാസിയും പലചരക്ക് കട നടത്തുന്ന വ്യക്തിയുമായ അമ്മദിന്റെ കടയിൽ ആക്രമിച്ച് കടക്കുകയും കത്തികൊണ്ട് ആക്രമിക്കുകയും ചെയ്ത സംഭവത്തിലെ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന് പ്രവാസി ലീ​ഗ്. സംഭവവുമായി ബന്ധപ്പെട്ട് കൊയിലാണ്ടി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നുണ്ടെങ്കിലും മുഖ്യപ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് അരിക്കുളം പഞ്ചായത്ത് പ്രവാസി ലീഗ് കമ്മിറ്റി ആരോപിച്ചു.

ജൂൺ 30-നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. അരിക്കുളം യു.പി സ്‌കൂളിന് സമീപത്തുള്ള അമ്മദിന്റെ പലചരക്ക് കടയിലെത്തിയ സംഘം കടയില്‍ അതിക്രമിച്ച് കടന്ന് മദ്യപിക്കുകയും അമ്മദിനെ ഉപദ്രവിക്കുകയുമായിരുന്നു. കടയിലെ പഴക്കുലകളും ഭരണികളും ഗ്ലാസും തകര്‍ത്തു. കടയിലുണ്ടായിരുന്ന കത്തിയെടുത്ത് അമ്മദിനെ കുത്തുകയും ചെയ്തിരുന്നു.

കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണ ആരംഭിച്ച കെയിലാണ്ടി പോലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പന്തലായനി സ്വദേശി അമൽ, പെരുവട്ടൂർ സ്വദേശി സുധീഷ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

എന്നാൽ കേസിലെ മുഴവൻ പ്രതികളെയും അറസ്റ്റ് ചെയ്ത് പ്രവാസികൾക്ക് നേരെയുള്ള ഇത്തരം ആക്രമികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും മാതൃകാപരമായി ശിക്ഷിക്കണമെന്നും പ്രവാസി ലീ​ഗ് ആവശ്യപ്പെട്ടു. അതിന് ബന്ധപ്പെട്ട അധികാരികൾ തയ്യാറാവുന്നില്ലെങ്കിൽ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് പ്രവാസി ലീഗ് വ്യക്തമാക്കി. എൻ.എം കുഞ്ഞുമുഹമ്മദ് അധ്യക്ഷനായി.കെ.സി ഇബ്രാഹിം,എൻ.എം അസീസ്,കെ.എം മുഹമ്മദ്,സി.എം ബഷീർ എന്നിവർ സംസാരിച്ചു.

Summary: Violent attack on the trader in Arikulam, Pravasi League wants to arrest all the accused