ഒളിംപ്കിസിൽ വിനേഷ് ഫോഗട്ടിന്റെ അയോ​ഗ്യത; ബിജെപി നേതാക്കളുടെ സ്വകാര്യ സ്വത്തിൽ നിന്നല്ല ഫോഗട്ടിനുവേണ്ടി തുക ചെലവഴിച്ചത്, കേന്ദ്ര കായികമന്ത്രി മൻസുഖ് മാണ്ഡവ്യക്കെതിരെ ഷാഫി പറമ്പിൽ എംപി


ന്യൂഡൽഹി: വിനേഷ് ഫോഗട്ടിനായി ചെലവാക്കിയ തുക പരാമർശിച്ചതിൽ കേന്ദ്ര കായികമന്ത്രി മൻസുഖ് മാണ്ഡവ്യക്കെതിരെ ഷാഫി പറമ്പിൽ എംപി. ഏതെങ്കിലും ബിജെപി നേതാക്കളുടെ സ്വകാര്യ സ്വത്തിൽ നിന്നല്ല ഫോഗട്ടിനുവേണ്ടി തുക ചെലവഴിച്ചതെന്ന് ഷാഫി ലോക്‌സഭയിൽ പറഞ്ഞു.

പാരിസ് ഒളിമ്പിക്‌സ് ഗുസ്തിയിൽ വിനേഷ് ഫോഗട്ട് അയോഗ്യയാക്കപ്പെട്ടതിൽ പാർലമെന്റിൽ പ്രസ്താവന നടത്തവെയാണ് ഫോഗട്ടിനുവേണ്ടി 70,45,775 രൂപ സർക്കാർ ചെലവഴിച്ചുവെന്ന് മന്ത്രി പരാമർശിച്ചത്. ലോകം മുഴുവൻ കേട്ടുകൊണ്ടിരിക്കുമ്പോൾ, ഫോഗട്ടിന്റെ പരിശീലനത്തിനുവേണ്ടി ചെലവഴിച്ച തുക സർക്കാർ പരാമർശിച്ചത് ശരിയായില്ലെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

‘ഫോഗട്ടിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുക എന്നതായിരുന്നു നമ്മുടെ കടമ, അവർക്ക് വേണ്ടി ചെലവാക്കിയ പണത്തിന്റെ കണക്കുപറയുകയല്ല. പരിശീലനത്തിനുവേണ്ടി എത്രരൂപ എവിടെ ചെലവഴിച്ചു എന്ന് പ്രഖ്യാപിക്കാനുള്ള ദിവസമായിരുന്നില്ല, ഇന്ന്’, ഷാഫി പറമ്പിൽ പറഞ്ഞു. 40 ദിവസം തെരുവിൽ ഉറങ്ങി ഗുസ്തി ഫെഡറേഷനെതിരെ സമരം നയിച്ചതും പൊലീസ് ലാത്തി ചാർജ് ഏറ്റുവാങ്ങിയതും ലഭിച്ച മെഡലുകൾ ഗംഗയിൽ ഒഴുക്കിയതുമടക്കം ഷാഫി സഭയിൽ പറഞ്ഞു.