ഒരു വർഷത്തിലധികമായി നടത്തിവരുന്ന വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങൾ; വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് സമ്പൂർണ്ണ ശുചിത്വ പദവിയിലേക്ക്


വടകര: വില്ലാപ്പള്ളി ഗ്രാമപഞ്ചായത്ത് സമ്പൂർണ്ണ ശുചിത്വ പഞ്ചായത്തായി പ്രഖ്യാപിച്ചു. കുറ്റ്യാടി എംഎൽഎ കെ പി കുഞ്ഞമ്മദ് കുട്ടി പ്രഖ്യാപനം നിർവഹിച്ചു. ഒരു വർഷത്തിലധികമായി നടത്തിവരുന്ന വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങളുടെ ഫലമായാണ് പഞ്ചായത്തിന് ഈ പദവി കൈവരിക്കാൻ കഴിഞ്ഞതെന്ന് പഞ്ചായത്ത്‌ ഭരണ സമിതി പറഞ്ഞു.

സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനത്തിന്റെ മുന്നോടിയായി സമ്പൂർണ്ണ ഹരിത വിദ്യാലയം, ഹരിത കൂട്ടം, ഹരിത സ്ഥാപനം, ഹരിത ടൗണുകൾ ,ഹരിത കലാലയങ്ങൾ ,ഹരിത ടൂറിസം, തുടങ്ങിയ പ്രഖ്യാപനങ്ങൾ നേരത്തെ നടത്തിയിരുന്നു. സമ്പൂർണ്ണ ശുചിത്വം കൈവരിക്കുന്നത് നമ്മുടെ ആരോഗ്യം, ജൈവവൈവിധ്യ സംരക്ഷണം ,ടൂറിസം മേഖലകൾക്ക് മുതൽക്കൂട്ട് ആകുമെന്നും ഇത് സംരക്ഷിച്ച് കൂടുതൽ മികവിലേക്ക് ഉയരാൻ ജനങ്ങൾ ഒറ്റക്കെട്ടായി തുടർന്നും പ്രവർത്തിക്കണമെന്നും എംഎൽഎ കുഞ്ഞമ്മദ് കുട്ടി പറഞ്ഞു. വില്യാപ്പള്ളി ഷോപ്പിംഗ് കോംപ്ലക്സിൽ നടന്ന ചടങ്ങിൽ തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പിഎം ലീന അധ്യക്ഷത വഹിച്ചു.

പ്രസിഡണ്ട് കെ കെ ബിജുള പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പുളക്കണ്ടി മുരളി ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സുബിഷ കെ , സിമി കെ.കെ, ഒ.യം.ബാബു, വി മുരളി , ഷറഫുദ്ദീൻ എന്നിവരും വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, വ്യാപാരി പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു.