‘കലുങ്ക് തകര്‍ന്നിട്ടും പരിഹാരമായില്ല, ഓവുചാല്‍ വൃത്തിയാക്കാന്‍ പണിക്കാരെ കിട്ടിയില്ലെന്നും മറുപടി; കനത്ത മഴയില്‍ വില്യാപ്പള്ളി ടൗണ്‍ വെള്ളത്തില്‍, ദുരിതത്തിലായി ജനങ്ങളും വ്യാപാരികളും


വില്യാപ്പള്ളി: കനത്ത മഴയില്‍ വില്യാപ്പള്ളി ടൗണില്‍ വെള്ളക്കെട്ട് പതിവാകുന്നു. കൊളത്തൂര്‍ റോഡിന് സമീപത്തെ കലുങ്ക് തകര്‍ന്നതാണ് വെള്ളക്കെട്ടിന് പ്രധാന കാരണം. മാത്രമല്ല പ്രദേശത്തെ ഓവുചാലുകള്‍ മഴയ്ക്ക് മുന്‍പേ വൃത്തിയാക്കാത്തതും വെള്ളക്കെട്ടിന് കാരണമാണ്.

ഇന്നലെ പെയ്ത മഴയില്‍ മണിക്കൂറുകളോളമാണ് ടൗണ്‍ വെള്ളത്തിലായത്. രണ്ട് വര്‍ഷത്തിലധികമായി ഇവിടെയുള്ള കലുങ്ക് തകര്‍ന്നിട്ട്. നിലവില്‍ കനത്ത മഴ കൂടി പെയ്യാന്‍ തുടങ്ങിയതോടെ കലുങ്കിന്റെ മധ്യഭാഗം താഴ്ന്നിരിക്കുകയാണ്. ഡിവൈഡര്‍ വച്ചാണ് ഇപ്പോള്‍ വാഹനങ്ങളെ നിയന്ത്രിക്കുന്നത്.

കലുങ്കിന്റെ തകര്‍ച്ചയും നിരന്തരമുണ്ടാകുന്ന വെള്ളക്കെട്ടും പലപ്പോഴായി പഞ്ചായത്ത് ഓഫീസില്‍ അറിയിച്ചിട്ടുണ്ടെന്നാണ് വില്യാപ്പള്ളി ടൗണ്‍ മെമ്പര്‍ മുരളീധരന്‍ വടകര ഡോട് ന്യൂസിനോട് പറഞ്ഞത്. ഇത്തവണയും മഴയ്ക്ക് മുമ്പ് തന്നെ പ്രശ്‌നം അധികൃതരെ അറിയിച്ചിരുന്നു. തുടര്‍ന്ന് ബന്ധപ്പെട്ടവര്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നെന്നും നടപടികള്‍ സ്വീകരിക്കാമെന്ന് പറഞ്ഞിരുവെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ കലുങ്ക് തകര്‍ന്നിട്ട് വര്‍ഷങ്ങളായിട്ടും പഞ്ചായത്ത് കൃത്യമായി നടപടിയെടുക്കുന്നില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്. മഴ ഇനിയും കനത്താല്‍ വെള്ളം കെട്ടിനിന്ന് കലുങ്കിന്റെ സുരക്ഷയെ തന്നെ ബാധിക്കും. മഴ പെയ്യുമ്പോള്‍ ഓവുചാലിന്റെ സ്ലാബുകള്‍ക്ക് മുകളിലൂടെയാണ് ഇപ്പോള്‍ വെള്ളം ഒഴുകുന്നത്. ഓരോ വര്‍ഷവും വെള്ളക്കെട്ട് രൂക്ഷമാവുമ്പോള്‍ കടകളിലേക്കാണ് വെള്ളം ഇരച്ചുകയറുന്നത്. ഇതുമൂലം ലക്ഷങ്ങളുടെ നഷ്ടമാണ് മഴക്കാലങ്ങളില്‍ തങ്ങള്‍ക്കുണ്ടാവുന്നത് എന്നാണ് ടൗണിലെ വ്യാപാരിയായ ശ്രീജേഷ് സി.വി വടകര ഡോട് ന്യൂസിനോട് പറഞ്ഞത്. വ്യാപാരി വ്യവസായി ഏകോപന സമിതി വില്യാപ്പള്ളി യൂണിറ്റ് എക്‌സിക്യുട്ടീവ് മെമ്പര്‍ കൂടിയായ ഇദ്ദേഹം പലപ്പോഴായി വിഷയത്തില്‍ പരിഹാരം തേടി പഞ്ചായത്ത് അധികൃതരെ സമീപിച്ചിരുന്നു.

അടുത്തിടെ മഴക്കാലപൂര്‍വ്വ ശുചീകരണ സര്‍വ്വകക്ഷി യോഗം വിളിച്ച് വെള്ളക്കെട്ട് പരിഹരിക്കാന്‍ തീരുമാനങ്ങള്‍ എടുത്തിരുന്നു. ഓവുചാല്‍ വൃത്തിയാക്കാനും തീരുമാനിച്ചിരുന്നു. എന്നാല്‍ മഴ തുടങ്ങിയെന്നും പണിക്കാരെ കിട്ടിയില്ലെന്നും പറഞ്ഞ് പഞ്ചായത്ത് വീണ്ടും പ്രശ്‌നം പരിഹരിക്കാതെ ഒഴിഞ്ഞുമാറിയെന്നാണ് ശ്രീജേഷ് പറയുന്നത്. മാത്രമല്ല വില്യാപ്പള്ളി ടൗണില്‍ പലപ്പോഴും ഗതാഗതക്കുരുക്കില്‍ വലയുകയാണ് ജനം. ഇതിനും ഇത്ര നാളായിട്ടും പരിഹാരമായിട്ടില്ല. ഓരോ വര്‍ഷം കലുങ്കിന്റെയും ഓവുചാലിന്റെയും പ്രശ്‌നങ്ങള്‍ കാരണം കടകള്‍ക്ക് നാശം സംഭവിക്കുമ്പോഴും നഷ്ടപരിഹാരം പോലും ലഭിക്കുന്നില്ലെന്നും, പ്രശ്‌നത്തിന് ഇനിയെങ്കിലും പരിഹാരം വേണമെന്നുമാണ് ശ്രീജേഷ് പറയുന്നത്.

പ്രശ്‌നം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും കൃത്യമായി വിഷയത്തില്‍ ഇടപെട്ടിട്ടുണ്ടെന്നുമാണ് വില്യാപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ബിജുള വടകര ഡോട് ന്യൂസിനോട് പറഞ്ഞത്. പഞ്ചായത്ത് ആവശ്യപ്പെട്ട പ്രകാരം കെ.ആര്‍.എഫ്.ബി ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു. കലുങ്കിന്റെ അടിവശത്തായി പൈപ്പ് സ്ഥാപിക്കാനുള്ള തീരുമാനം എടുത്തിട്ടുണ്ടെന്നും, എത്രയും പെട്ടെന്ന് തന്നെ പ്രശ്‌നം പരിഹരിക്കാന്‍ കഴിയുമെന്നാണ് പ്രസിഡന്റ് പറഞ്ഞത്.