ദുരന്ത വാർത്തയിൽ വിറങ്ങലിച്ച് വില്ല്യാപ്പള്ളി; പ്രിയപ്പെട്ട നാരായണിക്ക് കണ്ണീരോടെ വിട നൽകി നാട്


വടകര: വീടിന്‌ തീപിടിച്ച് മരണപ്പെട്ട നാരായണിക്ക് വേദനയോടെ വില്യാപ്പള്ളി മൈക്കുളങ്ങര ​ഗ്രാമം വിട നൽകി. ഉച്ചയ്ക്ക് ഒരുമണിയോടെ വീട്ടുവളപ്പിലാണ് നാരായണിയുടെ സംസ്ക്കാരം നടന്നത്. ബന്ധുക്കളും നാട്ടുകാരും ഉൾപ്പടെ നൂറ്കണക്കിന് പേർ വില്യാപ്പള്ളി യു.പി സ്‌കൂളിന് സമീപത്തെ കായക്കൂൽ താഴെ കുനിയിൽ വീട്ടിൽ നാരായണിക്ക് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയിരുന്നു.

കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കിയ ശേഷമാണ് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകിയത്. ശനിയാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു നാടിനെ നടുക്കിയ ദുരന്തം സംഭവിച്ചത്. സംഭവം നടക്കുമ്പോൾ നാരായണി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് നാരായണി വീടിന് പുറത്തേക്ക് അധികം പോകാറുണ്ടായിരുന്നില്ല. സന്ധ്യ സമയമായതിനാൽ വീട്ടിൽ നിലവിളക്ക് കത്തിച്ച് വച്ചിരുന്നു. ഇതിൽ നിന്നും തീ വസ്ത്രത്തിലേക്കും സോഫയിലേക്കും പടർന്നതാകാമെന്നാണ് പ്രാഥമിക വിവരം.

ഇരുനില വീടിൻ്റെ താഴത്തെ ഭാഗം സെൻട്രൽ ഹാളിലാണ് തീ പടർന്നത്. ഹാളിലുണ്ടായിരുന്ന സോഫ ഉൾപ്പെടെയുള്ള ഫർണിച്ചറുകൾ കത്തി നശിച്ചു. മുൻ ഭാഗത്തെ രണ്ടും പിറക് വശത്തെ ഒന്നും ജനലുകളും, മുൻവശത്തെ കട്ടിലയും ഹാളിൽ നിന്നും മറ്റൊരു മുറിയിലേക്കുള്ള കട്ടിലയും കത്തി നശിച്ചു. ജനലിൻ്റ ചില്ലുകൾ ചൂടേറ്റ് പൊട്ടിയ നിലയിലായിരുന്നു. കോൺക്രീറ്റിലെ ഇൻഡീരിയൽ വർക്കുകളും കത്തി നശിച്ച നിലയിലാണ്.

അപകട സമയത്ത് നാരായണിയുടെ മകൻ്റ ഭാര്യയും മകളും അയൽപക്കത്തെ വീട്ടിലായിരുന്നു. പുക ഉയരുന്നത് കണ്ടാണ് ഇവർ വീട്ടിലേക്ക് എത്തിയത്. ഓടിയെത്തിയ നാട്ടുകാർ ചേർന്ന് തീ അണക്കുകയായിരുന്നു. ശക്തമായ ചൂടിലും പുകയിലും ജനൽ ചില്ലുകൾ പൊട്ടിത്തെറിച്ചതിനാൽ ഓടിയെത്തിയവർക്ക് സമീപത്തേക്ക് എത്താൻ കഴിയാത്ത നിലയിലായിരുന്നു. വില്യാപ്പള്ളി മുൻ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ മോഹനൻ്റെ അമ്മയാണ് മരിച്ച നാരായണി.