വില്ല്യാപ്പള്ളി – ആയഞ്ചേരി റോഡ് ഹൈട്ടെക്കാവും; 5.77 കോടി രൂപയുടെ നിർമ്മാണ പ്രവൃത്തി പൂർത്തീകരണത്തിലേക്ക്
വടകര: കുറ്റ്യാടി നിയോജക മണ്ഡലത്തിലെ പ്രധാന റോഡായ ആയഞ്ചേരി വില്ല്യാപ്പള്ളി റോഡിൻ്റെ നവീകരണ പ്രവൃത്തി പൂർത്തീ കരണത്തിലേക്ക് അടുക്കുന്നു. രണ്ട് പ്രധാന ടൗണുകളായ വില്യാപ്പള്ളിയും ആയഞ്ചേരിയും ബന്ധിപ്പിക്കുന്ന റോഡ് വില്ല്യാപ്പള്ളി, തിരുവള്ളൂർ, ആയഞ്ചേരി എന്നീ ഗ്രാമ പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന പ്രധാന റോഡാണ്.
വില്ല്യാപ്പള്ളിയിൽ നിന്നും ആരംഭിക്കുന്ന റോഡിൻ്റെ ആദ്യ റീച്ചിലെ 1.25 കോടി രൂപയുടെ ബിസി ഓവർലേ പ്രവർത്തിയുടെ ഭാഗമായുള്ള ഐറിഷ് ഡ്രൈനേജ് നിർമ്മാണം ഉൾപ്പെടെ ഭൂരിഭാഗം പ്രവൃത്തികളും പൂർത്തിയാകാറായി. താന്നിമുക്കു വരെയുള്ള 1.65 കി.മി ഭാഗമാണ് ഈ പ്രവർത്തിയിൽ ഉൾപ്പെടുന്നത്. ബി.സി ഓവർ ലേ പ്രവൃത്തി പൂർത്തിയായതോടെ പറമ്പിൽ പാലത്തിനു മുകളിലായി വളരെക്കാലമായി നിലനിന്നിരുന്ന നിരപ്പ് വ്യത്യാസം പരിഹരിക്കപ്പെട്ടു.
വില്ല്യാപ്പള്ളി ആയഞ്ചേരി റോഡിൽ അരയാക്കൂൽ താഴെ മുതൽ വള്ളിയാട് വരെ വയലുകൾ വരുന്ന റോഡിന്റെ ഭാഗങ്ങൾ അരികുകെട്ടി സുരക്ഷിതമാക്കുന്നതിന് 25 ലക്ഷം രൂപയുടെ അനുമതി ലഭിച്ച പ്രവൃത്തിയും പുരോഗമിക്കുകയാണ്. രണ്ടാം റീച്ചിലെ 2.27 കോടി രൂപയുടെ പ്രവൃത്തി നിലവിൽ പൂർത്തിയായിരിക്കുകയാണ്. ആയഞ്ചേരിയിൽ എത്തുന്ന അവസാന റീച്ചിലെ 2 കോടി രൂപയുടെ പ്രവൃത്തിയും പൂർത്തീകരണ ഘട്ടത്തിലാണ്.
വിവിധ ഘട്ടങ്ങളിലായി ഭൂവുടമകൾ സൗജന്യമായി ഭൂമി വിട്ടു തന്നതിന്റെ അടിസ്ഥാനത്തിലാണ് 5.77 കോടി രൂപയുടെ റോഡ് വികസനം യാഥാർത്ഥ്യമായത് . പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ നടത്തിയ ഇടപെടലുകളാണ് പദ്ധതിക്ക് ഇത്രയും പണം ലഭിക്കാനിടയായതെന്ന് കെ.പി.കുഞ്ഞമ്മദ് കുട്ടി എം.എൽ.എ പറഞ്ഞു.
അനുമതി ലഭിച്ച് വളരെ ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ റോഡ് പ്രവൃത്തി പൂർത്തീകരണത്തിലേക്ക് എത്തിക്കുന്നതിന് പരിശ്രമം നടത്തിയ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ, കരാറുകാർ, ജനപ്രതിനിധികൾ, സഹകരിച്ച നാട്ടുകാർ എല്ലാവർക്ക് എം.എൽ.എ നന്ദി പറഞ്ഞു.
Summary: Villyapalli Ayanchery Road Hightekavum; 5.77 crore towards completion of construction work