‘വിലങ്ങാട് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം, പുനരധിവാസ നടപടികൾ ഉടൻ ആരംഭിക്കണം’; കെ.കെ.രമ എം.എൽ.എ വിലങ്ങാട്ടെ ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിച്ചു


വിലങ്ങാട്: വിലങ്ങാട്ടെ ഉരുള്‍പൊട്ടലുണ്ടായ സ്ഥലങ്ങളും, ദുരിതാശ്വാസ ക്യാമ്പുകളും കെ.കെ.രമ എം.എല്‍.എയും സംഘവും സന്ദര്‍ശിച്ചു. ഉരുള്‍പൊട്ടലുണ്ടായ വിലങ്ങാടിന് പ്രത്യേക പാക്കേജ് അനുവദിച്ച് അടിയന്തിരമായി പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് കെ.കെ.രമ എം.എല്‍.എ ആവശ്യപ്പെട്ടു. വീടുകളും കൃഷിഭൂമിയുമടക്കം ഏക്കറുകണക്കിന് ഭാഗങ്ങളിലാണ് ഉരുള്‍പൊട്ടലില്‍ നശിച്ചത്.

ജീവിതത്തില്‍ സ്വരൂപിച്ചതെല്ലാം ഒറ്റരാത്രികൊണ്ട് ഇല്ലാതായ ഞെട്ടലിലാണ് വിലങ്ങാട്ടെ ജനങ്ങള്‍. ജനങ്ങളുടെ ജാഗ്രത ഒന്നുകൊണ്ടുമാത്രമാണ് ആളപായം കുറഞ്ഞത്. വയനാടിനെ നടുക്കിയ ദുരന്തത്തിന്റെ നേര്‍പതിപ്പുതന്നെയാണ് ഇവിടെയും കാണാനായത്.

മറ്റുള്ളവരുടെ ജീവന്‍രക്ഷിക്കാനുള്ള ശ്രമത്തിനിടെ മരണപ്പെട്ട മാത്യു മാസ്റ്ററുടെ വീടും കെ.കെ.രമ എം.എൽ.എ സന്ദര്‍ശിച്ചു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഏകോപിപ്പിച്ചുകൊണ്ട് പുനരധി വാസത്തിന് പ്രത്യേക കര്‍മ പദ്ധതിയുണ്ടാക്കണമെന്നും ദുരിതബാധിതരുടെ ബാങ്ക് വായ്പകളടക്കം പാക്കേജിൽ ഉൾപ്പെടുത്തണമെന്നുംഅവര്‍ കൂട്ടിച്ചേര്‍ത്തു.

സിംഫണി ഒഞ്ചിയം ദുരിതാശ്വാസ ക്യാമ്പുകളിലേക്കായി സമാഹരിച്ച അവശ്യവസ്തുക്കളുടെ കൈമാറ്റവും വാണിമേൽ പഞ്ചായത്ത് ഓഫീസിൽ വച്ചു എം.എൽ.എ നിർവഹിച്ചു. വാണിമേൽ ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.സുരയ്യ ടീച്ചർ, വൈസ് പ്രസിഡണ്ട്‌ സെൽമ രാജു, ഒഞ്ചിയം പഞ്ചായത്ത്‌ പ്രസിഡന്റ് പി. ശ്രീജിത്ത്‌, ആർ.എം.പി.ഐ ജില്ലാ സെക്രട്ടറി കെ.ചന്ദ്രൻ, നേതാക്കളയ ടി.കെ സിബി, സി.ബാലൻ, പൊക്കൻ, ഷാജി എന്നിവർ ഒപ്പമുണ്ടായിരുന്നു.