വിലങ്ങാട് പുനരധിവാസം: ദുരിതബാധിതരുടെ പട്ടിക ഉടൻ പ്രസിദ്ധീകരിക്കുമെന്ന് റവന്യുമന്ത്രി കെ. രാജൻ


വിലങ്ങാട്: വിലങ്ങാട് പുനരധിവാസത്തിന്റെ മുന്നോടിയായി ദുരിതബാധിതരുടെ പട്ടിക ഉടൻ പ്രസിദ്ധീകരിക്കുമെന്ന് റവന്യുമന്ത്രി കെ.രാജൻ. പുനരധിവാസ പദ്ധതിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുടെ പുരോഗതി കളക്ടർ സ്നേഹിൽ കുമാർ സിങ്ങുമായി കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽവെച്ച് അവലോകനം ചെയ്തശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

ഇക്കാര്യത്തിൽ പ്രദേശവാസികളുടെ അഭിപ്രായങ്ങൾകൂടി പരിഗണിച്ച് അന്തിമ തീരുമാനം കൈക്കൊള്ളുമെന്നും പുനരധിവാസ പ്രവർത്തനങ്ങൾ നല്ല രീതിയിൽ പുരോഗമിക്കുന്നതായും മന്ത്രി പറഞ്ഞു. ഉരുള്‍പൊട്ടലില്‍ വിലങ്ങാട് വലിയ നാശനഷ്ടമാണ് ഉണ്ടായത്. 14 വീടുകള്‍ പൂര്‍ണമായും ഒഴുകിപ്പോവുകയും 112 വീടുകള്‍ വാസയോഗ്യമല്ലാതാവുകയും നാല് കടകള്‍ നശിക്കുകയും ചെയ്തിരുന്നു.

ഉരുട്ടി പാലത്തിന്റെ അപ്രോച്ച് റോഡ്, വാളൂക്ക്, ഉരുട്ടി, വിലങ്ങാട് പാലങ്ങള്‍ ഉള്‍പ്പെടെ തകര്‍ന്നതില്‍ 156 ലക്ഷം രൂപയുടെ നഷ്ടമാണ് പൊതുമരാമത്ത് വകുപ്പു റോഡ് വിഭാഗം കണക്കാക്കിയത്. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന്‌ ദുരിതാശ്വാസ ക്യാമ്പിലും ബന്ധു വീടുകളിലുമായി കഴിഞ്ഞ 450 പേർക്ക് സംസ്ഥാന ദുരന്ത നിവാരണഫണ്ടിൽ നിന്നുള്ള 5000 രൂപ വീതം വിതരണം ചെയ്തിരുന്നു.

Description: Vilangad Rehabilitation: List of affected soon; Revenue Minister K. Rajan