വിലങ്ങാട് നൂറിലധികം ഉരുൾപ്പൊട്ടൽ പ്രഭവകേന്ദ്രങ്ങൾ; ദുരന്ത മേഖലയിൽ വിദഗ്ധ സംഘം നാളെ പരിശോധന നടത്തും


നാദാപുരം: ഉരുള്‍പൊട്ടല്‍ നാശം വിതച്ച വിലങ്ങാട് വിദഗ്ധ സംഘം നാളെ സന്ദർശനം നടത്തും. ജിയോളജിസ്റ്റ്, ഹൈഡ്രോളജിസ്റ്റ്, സോയില്‍ കണ്‍സർവേഷനിസ്റ്റ്, ഹസാർഡ് അനലിസ്റ്റ് എന്നിവരടങ്ങുന്ന നാലംഗ സംഘമാണ് സ്ഥലം സന്ദർശിക്കുന്നത്.

നൂറിലേറെ പ്രഭവ കേന്ദ്രങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായതായാണ് വിലയിരുത്തല്‍. പ്രദേശം വാസ യോഗ്യമാണോ, കൃഷിയോഗ്യമാണോ, പുനരധിവാസം തുടങ്ങിയ കാര്യങ്ങള്‍ പരിശോധനയ്‌ക്ക് ശേഷം വ്യക്തമാക്കുമാക്കുമെന്ന് വിദഗ്ധർ അറിയിച്ചു. മേഖലയിലെ ഉരുള്‍പൊട്ടല്‍ സാധ്യതാ കേന്ദ്രങ്ങള്‍ പരിശോധിച്ച ശേഷം പുനരധിവാസം സംബന്ധിച്ച റിപ്പോർട്ട് നല്‍കും.

വിലങ്ങാട്ടില്‍ ഇന്ന് നടത്തിയ ഡ്രോണ്‍ സർവേയിലാണ് 100ലധികം പ്രഭവ കേന്ദ്രങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായത് കണ്ടെത്തിയത്. ഉരുള്‍പൊട്ടലില്‍ വൻ നാശനഷ്ടങ്ങളാണ് സംഭവിച്ചത്. 120ഓളം വീടുകള്‍ തകരുകയും കൃഷികള്‍ നശിക്കുകയും ചെയ്തു. മേഖലയില്‍ വിശദ പരിശോധന നടത്തിയ ശേഷം അന്തിമ തീരുമാനം അറിയിക്കുമെന്ന് ഗവേഷകർ പറഞ്ഞു.