വിലങ്ങാട് ഉരുൾപൊട്ടൽ: കെട്ടിടങ്ങളുടെ ആവാസയോഗ്യതാ പരിശോധനക്കായി നാല് പ്രത്യേക സംഘങ്ങൾ, നാളെ പരിശോധന ആരംഭിക്കും


വിലങ്ങാട്: വിലങ്ങാടും സമീപ പ്രദേശങ്ങളിലും ഉരുൾപൊട്ടൽ ബാധിച്ച കെട്ടിടങ്ങളുടെ ദ്രുതഗതിയിലുള്ള ആവാസ യോഗ്യതാ പരിശോധനക്കായി നാല് പ്രത്യേക സംഘങ്ങളെ ജില്ലാ കളക്ടർ നിയമിച്ചു. ഉരുൾപൊട്ടൽ ബാധിത മേഖലയിലെ ഓരോ വീടും മറ്റ് കെട്ടിടവും സംഘം പരിശോധിക്കും. തറയുടെ ഉറപ്പ്, ചുമരിന്റെ ബലം, മേൽക്കൂര എന്നിവ പരിശോധിച്ചു കെട്ടിടത്തിന്റെ സ്ട്രക്ച്ചറൽ അസസ്മെന്റ് നടത്തും.

ഉരുൾപൊട്ടലിൽ ഒഴുകിവന്ന ഉരുളൻ കല്ലുകളും ചെളിയും മണ്ണും ചേർന്നടിഞ്ഞ അവശിഷ്ടം കെട്ടിടങ്ങൾക്ക് ഭീഷണിയാണോ എന്നത് പരിശോധിക്കും. ദുരന്തമേഖലയിൽ ഇടിച്ചു നിരപ്പാക്കേണ്ട കെട്ടിടങ്ങളുടെ (അപകട ഭീഷണി ഉയർത്തുന്നതും ഭാഗികമായി തകർന്നതും) എണ്ണവും പൊതുജനാരോഗ്യത്തെ ബാധിക്കുന്ന കാര്യങ്ങളും (ജൈവ മാലിന്യങ്ങൾ, കിണർ വെള്ളം മലിനമായത്) സംഘം പരിശോധിക്കും.

ഓരോ സംഘത്തിലും ആറ് പേർ വീതമാണുള്ളത്. ഇതിൽ ജിയോളജിസ്റ്റ്, ഗ്രാമപഞ്ചായത്ത് അംഗം, ഗ്രാമപഞ്ചായത്തിലെ എൻജിനീയർ, ഹെൽത്ത് ഇൻസ്പെക്ടർ, വില്ലേജ് ഓഫീസർ, പിഡബ്ല്യുഡി (കെട്ടിട വിഭാഗം) ഉദ്യോഗസ്ഥൻ എന്നിവർ ഉൾപ്പെടുന്നു. ആഗസ്റ്റ് 15 ന് ഇവർ പരിശോധന തുടങ്ങും.
ആഗസ്റ്റ് 19 നകം പരിശോധന പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കും.