വിലങ്ങാട് ഉരുൾപൊട്ടൽ; നശിച്ചത് ഹെക്ടർ കണക്കിന് ഭൂമിയിലെ കാർഷിക വിളകൾ
നാദാപുരം: കുടിയേറ്റ കർഷകരും മറ്റും പതിറ്റാണ്ടുകളായി മണ്ണിനോട് മല്ലിട്ടുണ്ടാക്കിയ കൃഷികളാണ് ഒരു രാത്രി കൊണ്ട് ഇല്ലാതായത്. വിലങ്ങാട് കഴിഞ്ഞ ചൊവ്വാഴ്ച്ച പുലർച്ചെ ഉണ്ടായ ഉരുൾപൊട്ടലിൽ ഹെക്ടർ കണക്കിന് കൃഷി ഭൂമിയിലെ കാർഷിക വിളകൾ നശിച്ചു. ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ പുഴയോരത്തെ കൃഷി ഭൂമി തന്നെ ഇല്ലാതായവരും ഉണ്ട്.
ചൊവ്വഴ്ച്ച പുലർച്ചെ ഒരു മണി മുതൽ മൂന്നര മണി വരെ ചെറുതും വലുതുമായ അമ്പതിലധികം ഇടങ്ങളിലാണ് ഉരുൾപൊട്ടിയതെന്ന് നാട്ടുകാർ പറഞ്ഞു.
മയ്യഴി പുഴയുടെ ഉത്ഭവ കേന്ദ്രമായ പുല്ലുവ പുഴ യുടെ തീരമായ വലിയ പാനോം മുതൽ വാളാന്തോട് വരെയുള്ള പുഴയുടെ തീരമാണ് പുഴയൊടുത്തത്. ഇവിടങ്ങളിലെ കൃഷികളും, വലിയ മരങ്ങളും മലവെള്ളപ്പാച്ചിലിൽ ഒലിച്ച് പോയി. കുറ്റല്ലൂർ, മാടാഞ്ചേരി, മലയങ്ങട്, കമ്പിളിപ്പാറ, എന്നിവിടങ്ങളിലെ 200ലധികം കർഷകരുടെ കൃഷികളാണ് നശിച്ചത്.
തെങ്ങ്, കവുങ്ങ്, റബ്ബർ, ജാതി, കശുമാവ്, തേക്ക്, ഈട്ടി, പ്ലാവ്, മാവ്, തുടങ്ങിയ മരങ്ങളും, വാഴ, ചേന, തുടങ്ങിയ ഇടവിള കൃഷികളും പൂർണമായി നശിച്ചു. പന്നി, താറാവ്, കോഴികളും മലവെള്ളപ്പാച്ചിലിൽ ഒലിച്ച് പോയി.
ചെറുതും, വലുതുമായ കൃഷികൾക്കായി കർഷകർ ലക്ഷക്കണക്കിന് രൂപ കാർഷിക ലോണെടുത്താണ് കൃഷി ഇറക്കിയത്. മലയോര നിവാസികളുടെ ജീവിത മാർഗമായ കൃഷി നശിച്ചതോടെ ഇനി എങ്ങനെ മുന്നോട്ട് പോകുമെന്ന ആശങ്കയും ഇവർക്കുണ്ട്. ഉരുൾപൊട്ടലിൽ വിലങ്ങാട് മാത്രം കോടിക്കണക്കിന് രൂപയുടെ കൃഷി നാശമുണ്ടെന്ന് കർഷകർ പറഞ്ഞു.