വിലങ്ങാട് ഉരുൾപൊട്ടൽ; ദുരന്ത ബാധിതപ്രദേശമായി പ്രഖ്യാപിച്ച സ്ഥലത്തേക്ക് മാറിത്താമസിച്ചാൽ സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ ലഭിക്കുമോയെന്ന ആശങ്കയിൽ ദുരിതബാധിതർ
വിലങ്ങാട്: ദുരന്ത ബാധിതപ്രദേശമായി പ്രഖ്യാപിച്ച സ്ഥലത്തേക്ക് മാറിത്താമസിച്ചാൽ സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ ലഭിക്കുമോയെന്ന ആശങ്കയിൽ ദുരിതബാധിതർ.വിലങ്ങാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ പ്രയാസമനുഭവിക്കുന്നവർ എവിടെ താമസിക്കണമെന്നതിനെച്ചൊല്ലിയുള്ള ആശയക്കുഴപ്പം അവസാനിക്കുന്നില്ല.
നിലവിൽ വാണിമേൽ ഗ്രാമപ്പഞ്ചായത്തിലെ ഒൻപത്, 10, 11-ഉം നരിപ്പറ്റ ഗ്രാമപ്പഞ്ചായത്തിലെ മൂന്നും വാർഡുകളാണ് ദുരന്തബാധിതമേഖലയായി സർക്കാർ പ്രഖ്യാപിച്ചത്. നിലവിൽ ഉരുൾപൊട്ടൽ ദുരന്തം കൂടുതൽ ബാധിച്ച മഞ്ഞച്ചീളി ഭാഗത്തുള്ളവർ വിലങ്ങാട് ടൗണിലും പരിസരത്തുമാണ് വീട് വാടകയ്‌ക്കെടുത്ത് താമസിക്കുന്നത്. കുറച്ചുപേർ നരിപ്പറ്റഭാഗത്തും താമസിക്കുന്നുണ്ട്.
ദുരന്തബാധിതമേഖലയായ വാണിമേൽ പഞ്ചായത്തിലെ പത്താം വാർഡിലും നരിപ്പറ്റ പഞ്ചായത്തിലെ മൂന്നാം വാർഡിലുമാണ് ദുരിതബാധിതരിൽ ഭൂരിഭാഗവും മാറിത്താമസിക്കുന്നത്. ദുരന്തബാധിതമേഖലയിൽത്തന്നെ മാറി താമസിക്കുന്നത് ശരിയായ നടപടിയല്ലെന്ന് ഒരുവിഭാഗം ഉദ്യോഗസ്ഥർ പറയുന്നു. സർക്കാർ സഹായധനത്തോടൊപ്പം വാടകവീട്ടിൽ താമസിക്കുന്നവർക്ക് 6000 രൂപയാണ് സർക്കാർ പ്രഖ്യാപിച്ചത്. സർക്കാർ ആനുകൂല്യങ്ങൾ ലഭ്യമാകുന്നതിന് പ്രയാസം നേരിടുമോ എന്ന കാര്യത്തിൽ വ്യക്തമായ നിലപാട് പറയാൻ റവന്യു വകുപ്പ് ഉദ്യോഗസ്ഥർക്കും സാധിക്കുന്നില്ല.