വിലങ്ങാട് ഉരുള്‍പൊട്ടല്‍; ദുരിതബാധിതർക്ക് പതിനായിരം രൂപ അടിയന്തര ധനസഹായമായി പ്രഖ്യാപിച്ചു


തിരുവനന്തപുരം: വിലങ്ങാട് ഉരുള്‍പൊട്ടല്‍ ദുരിതബാധിതർക്ക് പതിനായിരം രൂപ അടിയന്തര ധനസഹായമായി പ്രഖ്യാപിച്ചു . ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ദുരന്തബാധിത മേഖലയായി പ്രഖ്യാപിക്കുന്ന നാല് വാര്‍ഡുകളിലുള്ളവര്‍ക്കാണ് 10,000 രൂപ വിതം നല്‍കുക. തൊഴിലാശ്വാസ സഹായമായി 3,000 രൂപ വീതം കുടുംബത്തിലെ ഒരാള്‍ക്കും ലഭിക്കും.

താത്കാലിക പുനരധിവാസം എന്ന നിലയില്‍ മാറി താമസിക്കുന്നവര്‍ക്ക് വാടക വീട്ടില്‍ താമസിക്കുവാന്‍ 6000 രൂപ നല്‍കും. ദുരന്ത ബാധിത വാര്‍ഡുകളിലെ എല്ലാവര്‍ക്കും സൗജന്യ റേഷന്‍ ഉറപ്പു വരുത്താനും തീരുമാനിച്ചു. വിലങ്ങാട് ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവരേയും സര്‍ക്കാര്‍ ചേര്‍ത്തു പിടിക്കുമെന്ന് മന്ത്രി കെ രാജന്‍ പ്രതികരിച്ചു.

ഉരുട്ടി പാലത്തിന്റെ അപ്രോച്ച് റോഡ്, വാളൂക്ക്, ഉരുട്ടി, വിലങ്ങാട് പാലങ്ങള്‍ ഉള്‍പ്പെടെ തകര്‍ന്നതില്‍ 156 ലക്ഷം രൂപയുടെ നഷ്ടമാണ് പൊതുമരാമത്ത് വകുപ്പു റോഡ് വിഭാഗം കണക്കാക്കിയത്.

Description: Vilangad Landslide; Ten thousand rupees has been announced as an emergency financial assistance to the affected people