വിലങ്ങാട് ഉരുള്‍പൊട്ടല്‍: രേഖകൾ വീണ്ടെടുക്കാനുള്ള പ്രത്യേക അദാലത്ത് ആഗസ്റ്റ് 16ന്, 12ലേറെ കൗണ്ടറുകൾ, അദാലത്ത് ഉരുൾപൊട്ടലിൽ രേഖകൾ നഷ്ട്ടപെട്ടവർക്ക് മാത്രം


വിലങ്ങാട്: ഉരുൾപൊട്ടലിൽ രേഖകൾ നഷ്ടപ്പെട്ടവർക്ക് രേഖകൾ പുനഃസൃഷ്ടിച്ചു നൽകാനുള്ള പ്രത്യേക അദാലത്ത് ആഗസ്റ്റ് 16ന് വിലങ്ങാട് സെന്റ് ജോർജ് ഹൈസ്കൂളിൽ നടക്കും. രാവിലെ 10ന് ആരംഭിക്കുന്ന അദാലത്തിൽ വിവിധ വകുപ്പുകളുടെ 12 ലേറെ കൗണ്ടറുകൾ ഉണ്ടാകും.

റേഷൻ കാർഡ്, വോട്ടർ ഐഡി, ആധാർ കാർഡ്, ആർസി ബുക്ക്, യുഐഡി, ബാങ്ക് പാസ് ബുക്ക്, ഭൂ രേഖകൾ, ജനന/മരണ/വിവാഹ സർട്ടിഫിക്കറ്റ്, മറ്റ് റവന്യു രേഖകൾ, കൃഷി സംബന്ധമായ രേഖകൾ, പട്ടികവർഗ്ഗ വകുപ്പുമായി ബന്ധപ്പെട്ട രേഖകൾ, സഹകരണ ബാങ്ക് എന്നിവയ്ക്കാണ് പ്രത്യേക കൗണ്ടറുകൾ ഉണ്ടാവുക.

പ്രത്യേക അദാലത്ത് വിലങ്ങാട്ടെ ഉരുൾപൊട്ടലിൽ രേഖകൾ നഷ്ടപ്പെട്ടവർക്ക് വേണ്ടി മാത്രമാണെന്നും അല്ലാത്ത ഒരു
അപേക്ഷയും സ്വീകരിക്കില്ലെന്നും അധികൃതർ അറിയിച്ചു. അദാലത്തിൽ വെച്ചുതന്നെ കഴിയുന്നത്ര രേഖകൾ പുനഃസൃഷ്ടിച്ചു നൽകാനാണ് ശ്രമം.

അദാലത്തിൽ വരുന്നവർ അവരുടെ നഷ്ടമായ രേഖകളുടെ പകർപ്പ് കൈവശമുണ്ടെങ്കിൽ അതോ അല്ലെങ്കിൽ നഷ്ടപ്പെട്ട രേഖകളുടെ നമ്പറോ (ആധാർ, റേഷൻ കാർഡ്, ബാങ്ക് പാസ്ബുക്ക് മുതലായവ) മറ്റ് എന്തെങ്കിലും സൂചനാ നമ്പറുകളോ ഉണ്ടെങ്കിൽ അവയും കരുതണമെന്ന് അധികൃതർ അറിയിച്ചു.

ഒന്നാം കൗണ്ടറിലെ രജിസ്ട്രേഷന് ശേഷം ആവശ്യക്കാരന് നഷ്ടമായ രേഖകൾ ഏതാണോ അതനുസരിച്ചുള്ള അതാത് കൗണ്ടറിലേക്ക് തിരിച്ചു വിടും. റവന്യു, സിവിൽ സപ്ലൈസ്, ഇലക്ഷൻ, ഐടി മിഷൻ, മോട്ടോർ വാഹനം, സാമൂഹ്യനീതി, തദ്ദേശസ്വയംഭരണം, കൃഷി, രജിസ്ട്രേഷൻ, വിദ്യാഭ്യാസം എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥർ ക്യാമ്പിൽ ഉണ്ടാവും.

ഇതിനുപുറമേ ലീഡ് ബാങ്കിന്റെയും സഹകരണ ബാങ്കിന്റെയും പ്രതിനിധികളും ഉണ്ടാകും. പ്രത്യേക അദാലത്തിന്റെ മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാൻ ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗിന്റെ അധ്യക്ഷതയിൽ തിങ്കളാഴ്ച്ച യോഗം ചേർന്നു. അസി. കലക്ടർ ആയുഷ് ഗോയൽ, വടകര ആർഡിഒ പി അൻവർ സാദത്ത്, ഡെപ്യൂട്ടി കളക്ടർ (ദുരന്തനിവാരണം) എസ് സജീദ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.