വയനാടിന് പിന്നാലെ വിലങ്ങാടും ഉരുൾപൊട്ടൽ; പുഴയോരത്തെ വീടുകള്‍ വെള്ളത്തില്‍, ഒരാളെ കാണാതായി, പാലങ്ങളും റോഡും തകര്‍ന്ന നിലയില്‍


വിലങ്ങാട്: തുടര്‍ച്ചയായി പെയ്ത മഴയില്‍ വിലങ്ങാട് മേഖലയില്‍ ഉരുള്‍പൊട്ടി. അടിച്ചിപ്പാറ-മഞ്ഞച്ചീലി ഭാഗത്താണ് ഇന്ന് പുലര്‍ച്ചെ രണ്ടരമണിയോടെ ഉരുള്‍പൊട്ടലുണ്ടായത്. ശക്തമായ മലവെള്ളപ്പാച്ചിലുമുണ്ട്. മഞ്ഞച്ചീലി പാലം വെള്ളത്തിനടിയിലായി. ഈ ഭാഗത്ത് നൂറിലധികം പേര്‍ ഒറ്റപ്പെട്ട് കിടക്കുകയാണ്. രക്ഷാപ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുയാണ്.

ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് മഞ്ഞച്ചീളി ഭാഗത്ത് നിന്നും ഒരാളെ കാണാതായിട്ടുണ്ട്. മാത്യു എന്ന മത്തായിയെയാണ്‌
കാണാതായത്. പലയിടത്തും വീടുകളില്‍ വെള്ളം കയറിയിരിക്കുകയാണ്. മാത്രമല്ല റോഡില്‍ വെള്ളം ഉയര്‍ന്നതിനാല്‍ ഗതാഗതം നിലച്ച മട്ടാണ്.

മലയങ്ങാട് പാലം ഒലിച്ചു പോയിട്ടുണ്ട്. നാലു വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട് പാലം പോയതോടുകൂടി 12 കുടുംബങ്ങൾ ഒറ്റപ്പെട്ട നിലയിലാണ്‌. പുഴയുടെ സൈഡിലുള്ള വീടുകൾക്കാണ് കേടുപാടുകൾ സംഭവിച്ചിട്ടുള്ളത്.

ഉരുള്‍പൊട്ടലിനെ തുടര്‍ന്ന്‌ വലിയ മരങ്ങളും പാറക്കൂട്ടങ്ങളും ഒലിച്ചുവരുന്നുണ്ട്. പന്നിയേരി വലിയ പാനോം ഉരുട്ടി വാളാംന്തോട് പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു.

മഞ്ഞച്ചീലി ഭാഗത്ത് രണ്ടുമേഖലയിലെ രണ്ടുപാലങ്ങളിലും വലിയ തോതിലും കല്ലും മഞ്ഞും അടിഞ്ഞും ഇലക്ട്രിക് പോസ്റ്റുകള്‍ തകര്‍ന്ന് വീണതിനാലും മറുവശത്തേക്ക് പോകാന്‍ സാധിക്കാത്ത നിലയിലാണെന്ന് വാണിമേല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സെല്‍മ രാജു കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

പാലത്തിന് മറുവശത്ത് നിരവധി കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. കറണ്ടുംമറ്റും ഇല്ലാത്തതിനാല്‍ പലരുടെയും ഫോണ്‍ ഓഫായ നിലയിലാണ്. മറുവശത്തുള്ളവരുമായി ബന്ധപ്പെടാന്‍ സാധിക്കാത്ത സ്ഥിതിയുണ്ടെന്നും അവര്‍ പറഞ്ഞു.

നിലവില്‍ നൂറോളം ആളുകളെ ഇക്കരെയ്‌ക്കേണ്ടതുണ്ട്. അതിനുള്ള നടപടികള്‍ ആലോചിക്കുകയാണെന്നും അവര്‍ പറഞ്ഞു. ഏഴോളം വീടുകള്‍ തകര്‍ന്നിട്ടുണ്ട്. മറുവശത്ത് കടക്കാന്‍ കഴിഞ്ഞാലേ മറ്റുനാശനഷ്ടങ്ങള്‍ സംബന്ധിച്ച വിവരം അറിയാന്‍ കഴിയൂവെന്നും അവര്‍ വ്യക്തമാക്കി.