വിലങ്ങാട് ഉരുൾപൊട്ടൽ; കാണാതായത് റിട്ട. അധ്യാപകൻ മാത്യുവിനെ, അപകടം രക്ഷാപ്രവർത്തനത്തിന് ഇറങ്ങുന്നതിനിടെ


വിലങ്ങാട്: വിലങ്ങാട് ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ മലവെള്ളപാച്ചിലിൽ കാണാതായ റിട്ട. അധ്യാപകന് വേണ്ടിയുള്ള തെരച്ചിൽ തുടരുന്നു. മഞ്ഞച്ചീലി സ്വദേശി കുളത്തിങ്കൽ മാത്യുവിനെയാണ് കാണാതായത്. ഇന്ന് പുലർച്ചെയുണ്ടായ വലിയ ശബ്ദം കേട്ടാണ് കാര്യം തിരക്കാൻ മാത്യു വീടിന് പുറത്തേക്ക് ഇറങ്ങിയത്.

ഉരുൾപൊട്ടിയതാണെന്ന് മനസിലായപ്പോൾ നാട്ടുകാർക്കൊപ്പം രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു.തുടർന്ന് സമീപത്തെ കടയിൽ കയറി നിന്നു. പൊടുന്നനെ രണ്ടാമത്തെ ഉരുൾപൊട്ടി മലവെള്ളപാച്ചിലുണ്ടായി. ഇതിൽപെട്ടാണ് മാത്യു എന്ന മത്തായി മാഷെ കാണാതായതെന്ന് വാണിമേൽ ഒമ്പതാം വാർഡം​ഗം രാജു അലക്സ് വടകര ഡോട് ന്യൂസിനോട് പറഞ്ഞു.

ഇതുവരെയും ഇദ്ദേഹത്തെ കണ്ടെത്താൻ സാധിച്ചിട്ടില്ല. രക്ഷാപ്രവർത്തനം തുടരുകയാണ്.