വിലങ്ങാട് ഉരുൾപൊട്ടൽ: 158 കോടി രൂപയുടെ പൊതുമുതല്‍ നഷ്ടം, പുനരധിവാസം എത്രയും പെട്ടെന്ന് ഉറപ്പാക്കാൻ നടപടികൾ കൈക്കൊള്ളുമെന്ന് റവന്യു മന്ത്രി
വടകര: വിലങ്ങാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ വീട് നഷ്ടമായവർക്കും ഉരുൾപൊട്ടൽ ഭീഷണി മൂലം മാറേണ്ടി വന്നവർക്കും സുരക്ഷിതമായ സ്ഥലത്ത് ഉചിതമായ പുനരധിവാസം എത്രയും പെട്ടെന്ന് ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്ന് റവന്യു മന്ത്രി കെ രാജൻ. ഇ.കെ വിജയൻ എംഎൽഎയുടെ സബ്മിഷന് മറുപടി നൽകുകയായിരുന്നു മന്ത്രി.
ദുരന്തബാധിതരുടെ കാര്‍ഷിക, ഗാര്‍ഹിക, വിദ്യാഭ്യാസ, വ്യക്തിഗത വായ്പകള്‍ എന്നിവരുടെ കാര്യത്തില്‍ അനുഭാവപൂര്‍ണമായ സമീപനം കൈക്കൊളളുന്നതാണ്. കൃഷിനാശത്തിനുള്ള ധനസഹായം അനുവദിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ്. വിലങ്ങാട് ഉന്നതികളിൽ ഉള്ള ആളുകൾ എല്ലാം സമതലപ്രദേശങ്ങളിലേക്ക് മാറാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇവരെക്കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള പുനരധിവാസ പദ്ധതികളാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്നും മന്ത്രി അറിയിച്ചു.
ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ 11 കുടുംബങ്ങള്‍ക്ക് പൂര്‍ണമായും ഭൂമിയും വീടും നഷ്ടപ്പെടുകയുമുണ്ടായി. 25 വീടുകള്‍ പൂര്‍ണ്ണമായും ഒമ്പത് വീടുകള്‍ ഭാഗികമായും തകര്‍ന്നു. ഒമ്പത് മറ്റ് കെട്ടിടങ്ങളും തകര്‍ന്നു. 1.24 ഹെക്ടര്‍ പുരയിടം ഒലിച്ചുപോയി. 250 ഏക്കര്‍ കൃഷിനാശമുണ്ടായി. 58.81 കോടി രൂപയുടെ വ്യക്തിഗത നഷ്ടവും 158 കോടി രൂപയുടെ പൊതുമുതല്‍ നഷ്ടവുമാണ് ഉരുള്‍പൊട്ടലില്‍ വിലങ്ങാട് ഉണ്ടായത്.
Description: Vilangad Landslide: Loss of Public Funds to the tune of Rs 158 Crores