വിലങ്ങാട് ഉരുൾപൊട്ടൽ; ദുരിതബാധിതർക്ക് സർക്കാർ സഹായം ലഭിച്ചു തുടങ്ങി


വാണിമേൽ: വിലങ്ങാട് ഉരുൾപൊട്ടൽ ബാധിതർക്ക് സർക്കാർ സഹായം ലഭിച്ചു തുടങ്ങി. വീടും, ഭൂമിയും നഷ്ടപ്പെവർക്ക് സർക്കാർ സഹായമായ 15 ലക്ഷം രൂപയാണ് നൽകിത്തുടങ്ങിയത്. 29 പേർക്ക് 15 ലക്ഷം രൂപ അവരുടെ അക്കൗണ്ടുകളിൽ ലഭിച്ചു. വീടും , കൃഷിയും , ഭൂമിയും പൂർണ്ണമായി നഷ്ടപ്പെട്ടവരായി 31 പേരാണ് സർക്കാർ പ്രസിദ്ധപ്പെടുത്തിയ ലിസ്റ്റിൽ ഉള്ളത്.

കഴിഞ്ഞവർഷം ജൂലായ് 30 ന് ഒരാളുടെ ജീവൻ നഷ്ടപ്പെട്ട വിലങ്ങാട് ഉരുൾപൊട്ടലിൽ വലിയ നാശനഷ്ടമായിരുന്നു സംഭവിച്ചിരുന്നത്. മ‍ഞ്ഞച്ചീളി, പാനോം എന്നിവിടങ്ങളിലാണ് മൂന്നു തവണ ഉരുൾ പൊട്ടിയത്. 14 വീടുകൾ പൂർ‌ണമായും ഒഴുകിപ്പോയി. 112 വീടുകൾ വാസയോഗ്യമല്ലാതായി.

ഉരുട്ടി പാലത്തിന്റെ അപ്രോച്ച് റോഡ്, വാളൂക്ക്, ഉരുട്ടി, വിലങ്ങാട് പാലങ്ങൾ ഉൾപ്പെടെ തകർന്നതിൽ 156 ലക്ഷം രൂപയുടെ നഷ്ടമാണ് പൊതുമരാമത്ത് വകുപ്പു റോഡ് വിഭാഗം കണക്കാക്കിയത്. കനത്ത നാശം വിതച്ച വിലങ്ങാട്ടെ കർഷകരുടെ ലോണുകൾക്ക് മൊറട്ടോറിയം നൽകാൻ തിരുമാനിച്ചിരുന്നു. കൃഷി പൂർണമായും നശിച്ച കർഷകരുടെ ലോണുകൾക്ക് 5 വർഷവും മറ്റ് ലോണുകൾക്ക് ഒരു വർഷത്തേക്കുമാണ് മൊറട്ടോറിയം നൽകാൻ തിരുമാനിച്ചിരുന്നത്.