വിലങ്ങാട് ഉരുൾപൊട്ടൽ; ശാസ്ത്രജ്ഞരുടെ വിദഗ്ധ സംഘം ഉടന്‍ എത്തും, പ്രതീക്ഷയോടെ പ്രദേശവാസികള്‍


നാദാപുരം: ഉരുള്‍പൊട്ടിയ വിലങ്ങാട് പ്രദേശത്ത് ശാസ്ത്രജ്ഞരുടെ വിദഗ്ധ സംഘം ഉടന്‍ എത്തും. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്ത മേഖലയില്‍ പഠനം നടത്തുന്ന സംഘമാണ് എത്തുക. വിലങ്ങാട് പഠനം നടത്തുന്ന വിദഗ്ധരും വയനാട്ടില്‍ നിന്നെത്തുന്ന സംഘവും നല്‍കുന്ന റിപ്പോര്‍ട്ടാണ് കളക്ടര്‍ക്ക് നല്‍കുക.

തിങ്കളാഴ്ച വിലങ്ങാടും സമീപപ്രദേശങ്ങളിലും ശാസ്ത്രീയ പഠനം നടത്താനും തുടർതാമസം സാധ്യമാകുമോ എന്ന് കാര്യം പരിശോധിച്ച് വിശദ റിപ്പോർട്ട് സമർപ്പിക്കാനുമായി ചുമതലപ്പെടുത്തിയ വിദഗ്ധ സംഘം പരിശോധന നടത്തിയിരുന്നു. കോഴിക്കോട് ജില്ലാ ജിയോളജിസ്റ്റ്, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ, ജില്ലാ ഹൈഡ്രോളജിസ്റ്റ്, ഹസാർഡ് അനലിസ്റ്റ്, പൊതുമരാമത്ത് വകുപ്പ് (കെട്ടിട വിഭാഗം) അസിസ്റ്റൻറ് എഞ്ചിനീയർ, വാണിമേൽ ഗ്രാമപഞ്ചായത്ത് അസിസ്റ്റൻറ് എഞ്ചിനീയർ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്‌.

നേരത്തെ ആഗസ്റ്റ് ആറിന് ഹസാർഡ് അനലിസ്റ്റ്, ജില്ലാ മണ്ണ് സംരക്ഷണ വകുപ്പ്, ജില്ലാ ജിയോളജിസ്റ്റ് എന്നിവർ സംയുക്തമായി പരിശോധന നടത്തി പ്രാഥമിക റിപ്പോർട്ട് നൽകിയിരുന്നു. അഞ്ചു വർഷം മുൻപ്‌ വിലങ്ങാട് ആലിമൂലയിലുണ്ടായ ഉരുൾപൊട്ടലിൽ നാലുപേർ മരിക്കുകയും വൻനാശനഷ്ടമുണ്ടാകുകയും ചെയ്തിരുന്നു. തൊട്ടടുത്ത പ്രദേശമായ അടുപ്പിൽ കോളനിയിലും ഉരുൾപൊട്ടലുണ്ടായിരുന്നു.

തുടര്‍ന്ന് നടത്തിയ ശാസ്ത്രീയ പഠനത്തില്‍ അടുപ്പിൽ കോളനിയിലെ ആദിവാസികളെ അവിടെ‌നിന്ന്‌ ഉടൻ മാറ്റണമെന്നും അല്ലാത്തപക്ഷം വീണ്ടും പ്രദേശത്ത് വൻ ഉരുൾപൊട്ടൽ ദുരന്തമുണ്ടാകുമെന്നും വ്യക്തമാക്കിയിരുന്നു. പിന്നാലെ ആറുകോടിരൂപ ചെലവഴിച്ച്‌ അടുപ്പിൽ കോളനിയിലെ 65 കുടുംബങ്ങളെ പയനംകൂട്ടത്തിലേക്ക് മാറ്റുകയായിരുന്നു.