വിലങ്ങാട് ഉരുൾപൊട്ടൽ; ദുരിതബാധിതരുടെ ലോണുകൾക്ക് മൊറട്ടോറിയം അനുവദിക്കാൻ തീരുമാനം
വിലങ്ങാട്: ഉരുൾപൊട്ടൽ ദുരിതബാധിതരുടെ ബാങ്ക് ലോണുകളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി ജില്ലാ കലക്ടർ സ്‌നേഹിൽ കുമാർ സിംഗിന്റെ അധ്യക്ഷതയിൽ വിവിധ ബാങ്ക് ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. ദുരിതബാധിതർ വിവിധ ബാങ്കുകളിൽ നിന്ന് എടുത്ത ലോണുകൾ തിരിച്ചടക്കുന്നതിന് നിശ്ചിത കാലത്തേക്ക് സാവകാശം അനുവദിക്കുന്നതിന് യോഗത്തിൽ തീരുമാനമായി.
കൃഷി പൂർണമായും നശിച്ച കേസുകളിൽ കാർഷിക ലോണുകൾക്ക് അഞ്ച് വർഷത്തേക്കും അല്ലാത്ത ലോണുകൾക്ക് ഒരു വർഷത്തേക്കും മൊറട്ടോറിയം നൽകാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി ദുരിതബാധിതർ ഏതൊക്കെ ബാങ്കുകളിൽ നിന്ന് എത്ര രൂപ വായ്പയെടുത്തു തുടങ്ങി കൃത്യമായ വിവരങ്ങൾ ശേഖരിക്കണമെന്ന് ജില്ലാ കലക്ടർ നിർദ്ദേശം നൽകി. വിവര ശേഖരണത്തിനായി ഒരു നിശ്ചിത പ്രൊഫോർമയിലുള്ള അപേക്ഷാ ഫോറം തയ്യാറാക്കി ദുരിതബാധിതർക്ക് നൽകും. ഇവ പൂരിപ്പിച്ച് ബന്ധപ്പെട്ട വില്ലേജ് ഓഫീസർക്ക് തിരിച്ചു നൽകണം. വില്ലേജ് ഓഫീസർ വിവരങ്ങൾ പരിശോധിച്ച് അപേക്ഷ സാക്ഷ്യപ്പെടുത്തിയ ശേഷം ബന്ധപ്പെട്ട ബാങ്കുകൾക്ക് കൈമാറാനും ജില്ലാ കലക്ടർ നിർദ്ദേശം നൽകി. വായ്പകൾ എഴുതിത്തള്ളേണ്ട കേസുകൾ പ്രത്യേകമായി പരിഗണിച്ച് സർക്കാരിലേക്ക് ശുപാർശ ചെയ്യാനും യോഗത്തിൽ തീരുമാനമായി.
കലക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടർ ഇ അനിത കുമാരി, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയരക്ടർ അജയ് അലക്‌സ്, ജോയിന്റ് രജിസ്ട്രാർ ജനറൽ എൻ എം ഷീജ, ലീഡ് ബാങ്ക് മാനേജർ എസ് ജ്യോതിസ്, ലീഡ് ബാങ്ക് ഓഫീസർ പ്രേംലാൽ കേശവൻ, ഫെഡറൽ ബാങ്ക് നാദാപുരം ബ്രാഞ്ച് സീനിയർ മാനേജർ യദുകൃഷ്ണ ദിനേശ്, ഫെഡറൽ ബാങ്ക് മാവൂർ റോഡ് ബ്രാഞ്ച് അസോസിയറ്റ് വൈസ് പ്രസിഡന്റ് അരുൺ സി ആർ, കേരള ഗ്രാമീൺ ബാങ്ക് വാണിമേൽ ബ്രാഞ്ച് പ്രതിനിധി ടി വി ബിപിൻ, കേരള ഗ്രാമീൺ ബാങ്ക് വിലങ്ങാട് ശാഖ പ്രതിനിധി എം പി രൂപേഷ്, എച്ച്ഡിഎഫ്‌സി ബാങ്ക് നാദാപുരം ബ്രാഞ്ച് പ്രതിനിധി അലി നൗഷാദ്, ഐഡിബിഐ ബാങ്ക് നാദാപുരം ബ്രാഞ്ച് പ്രതിനിധി വി മനു മോഹൻ, കേരള ബാങ്ക് വാണിമേൽ ബാങ്ക് പ്രതിനിധി ബാലമുരളീധരൻ, സിഎആർഡി ബാങ്ക് വടകര ബ്രാഞ്ച് സെക്രട്ടറി പി പ്രമീള, അസിസ്റ്റന്റ് സെക്രട്ടറി എ കെ നൗഷാദ്, വിലങ്ങാട് എസ് സിബി സെക്രട്ടറി എൻ കെ സ്വർണ തുടങ്ങിയവർ പങ്കെടുത്തു.