വിലങ്ങാട് ഉരുള്‍പൊട്ടല്‍; ശാസ്ത്രീയ പഠനറിപ്പോർട്ട് ലഭിക്കുന്നതിനനുസരിച്ച്‌ പുനരധിവാസപ്രവർത്തനങ്ങള്‍, തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാൻ കോഡിനേഷൻ കമ്മിറ്റി


വാണിമേൽ: ഉരുള്‍പൊട്ടിയ വിലങ്ങാട് തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാൻ സർവകക്ഷിയോഗത്തിൽ കോഡിനേഷൻ കമ്മിറ്റി രൂപികരിച്ചു. വാണിമേൽ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി കെ.കെ വിനോദൻ കൺവീനറും ഇ.കെ വിജയൻ എം.എൽ.എ ചെയർമാനും നരിപ്പറ്റ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കാട്ടാളി ബാബു വൈസ് ചെയർമാനും വാണിമേൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.സുരയ്യ ട്രഷററും ഷാഫി പറമ്പിൽ എം.പി രക്ഷാധികാരിയുമായ കമ്മിറ്റിയാണ് രൂപികരിച്ചത്.

വാടകവീടുകളിലേക്ക് മാറിയവരെ വരുംദിവസങ്ങളില്‍ സന്ദർശിച്ച് അവർക്കുവേണ്ട സാധനങ്ങളുടെ ലിസ്റ്റ് തയ്യാറാക്കാന്‍ യോഗത്തില്‍ തീരുമാനമായി. ശാസ്ത്രീയ പഠനറിപ്പോർട്ട് ലഭിക്കുന്നതിനനുസരിച്ച്‌ പുനരധിവാസപ്രവർത്തനത്തിന് ഭൂമി കണ്ടെത്താൻ തുടങ്ങും.

തകർന്നതും ഉപയോഗശൂന്യവുമായ വീടുകൾ ഗ്രാമപ്പഞ്ചായത്ത് എൻജിനിയർ, റവന്യൂ അധികൃതർ, വാർഡ് മെമ്പർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പരിശോധിക്കും. ആദിവാസി ഉന്നതികളിൽ കുടിവെള്ളപൈപ്പുകൾ തകർന്നത് ശരിയാക്കാൻ മൂന്നുലക്ഷം രൂപ ട്രെബൽ ഫണ്ടിൽനിന്നു ലഭ്യമാക്കാനും യോഗത്തില്‍ തീരുമാനമായി. നോഡൽ ഓഫീസറായ ആർ.ഡി.ഒ അൻവർ സാദത്ത് സംസാരിച്ചു.