വിലങ്ങാട് ഉരുള്‍പൊട്ടല്‍: കാണാതായ മാത്യുവിന്റെ മൃതദേഹം കണ്ടെത്തി


വിലങ്ങാട്: വിലങ്ങാട് ഉരുള്‍പൊട്ടലില്‍ കാണാതായ റിട്ടയേര്‍ഡ് അധ്യാപകന്‍ മാത്യുവിന്റെ മൃതദേഹം കണ്ടെത്തി. ഉരുള്‍പൊട്ടല്‍ നടന്ന സ്ഥലത്ത് നിന്നും 200 മീറ്റര്‍ അകലെ പുഴയില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്.

ലോഡിംഗ് തൊഴിലാളികളും റെസ്‌ക്യ ടീമും നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസങ്ങളിലായി മാത്യുവിനാണ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരുന്നു.

തിങ്കളാഴാച് പുലര്‍ച്ചെ മഞ്ഞച്ചീളി ഭാഗത്തുണ്ടായ ഉരുള്‍പൊട്ടലിലാണ് കുളത്തിങ്കല്‍ മാത്യു എന്ന മത്തായിയെ കാണാതായത്. ഉരുള്‍പൊട്ടുന്ന ശബ്ദം കേട്ട് നാട്ടുകാര്‍ക്കൊപ്പം സഹായത്തിനായി വീടിന് പുറത്തേക്ക് ഇറങ്ങിയതായിരുന്നു മാത്യു.

പിന്നാലെ വീടിന് സമീപത്തെ അങ്കണവാടിക്കടുത്ത് കുന്ന് ഇടിയുന്നത് കണ്ട് സമീപത്തെ കടയ്ക്കുള്ളില്‍ കയറി നിന്നു. എന്നാല്‍ കടയുടെ ഭാഗത്തേക്ക് ഉരുള്‍പൊട്ടി വെള്ളം കുതിച്ചെത്തുകയായിരുന്നു. ഇതിനിടെ നാട്ടുകാരില്‍ ഒരാള്‍ മാത്യുവിനെ രക്ഷിക്കാനായി കയറുമായി എത്തിയപ്പോഴേക്കും കടയടക്കം മലവെള്ളപ്പാച്ചിലില്‍ ഒഴുകിപോവുകയായിരുന്നു.