വിലങ്ങാട് ഉരുള്‍പൊട്ടല്‍: വാസയോഗ്യമല്ലാതായത് 56 വീടുകള്‍ , വിവിധ വകുപ്പുകള്‍ കണക്കെടുപ്പ് ആരംഭിച്ചു, പുനരുദ്ധാരണത്തിന് നടപടികള്‍ തുടങ്ങി
വിലങ്ങാട്: ഉരുള്‍പൊട്ടല്‍ തകര്‍ത്ത വിലങ്ങാടില്‍ പുനരുദ്ധാരണത്തിന് നടപടി തുടങ്ങി. നോഡല്‍ ഓഫീസറായി നിയമിച്ച ആര്‍ഡിഒ പി.അന്‍വര്‍ സാദത്ത് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. ഉരുള്‍പൊട്ടലില്‍ 56 വീടുകളാണ് വാസയോഗ്യമല്ലാതായി പോയത്. പാനോം, മഞ്ഞച്ചീളി, അടിച്ചിപ്പാറ, മലയങ്ങാട്, ആനക്കുഴി എന്നിവിടങ്ങളിലുള്ള വീടുകളാണ് വാസ യോഗ്യമല്ലാതായത്.
നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിനായി വിവിധ വകുപ്പ് മേധാവികളുടെ നേതൃത്വത്തില്‍ ഉന്നതതല സംഘം ഇന്നലെ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. എൽഎസ്ജിഡി സൂപ്രണ്ടിങ് എൻജിനീയർ ആർ.മുരളി, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർമാരായ എൻ.സിന്ധു, ടി.സി.അനി, വൈ.നിബ, അസിസ്റ്റന്റ് എൻജിനീയർ രേവതി എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. ഇ.കെ.വിജയൻ എംഎൽഎ, നരിപ്പറ്റ പഞ്ചായത്ത് അംഗങ്ങളായ ഷാജു ടോം, അൽഫോൺസ റൂബിൻ തുടങ്ങിയവരും അനുഗമിച്ചു.

ഒലിച്ചു പോയ വിലങ്ങാട് പാലൂര് റോഡിലെ മുച്ചങ്കയും പാലം, മലയങ്ങാട് പാലം, വാളൂക്ക് ഇന്ദിര നഗര്‍ പാലം, വായാട് പാലം, വിവിധ റോഡുകളുടെ തകര്‍ന്ന സംരക്ഷണ ഭിത്തി തുടങ്ങിയവ സംഘം സന്ദര്‍ശിച്ചിരുന്നു. ഉടന്‍ തന്നെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ എസ്റ്റിമേറ്റ് തയ്യാറാക്കി സമര്‍പ്പിക്കാനാണ് തീരുമാനം.
വിലങ്ങാട് ടൗൺ മുതൽ മുച്ചങ്കയം പാലംവരെയുളള തകർന്ന് കിടക്കുന്ന കലുങ്കുകൾ മാറ്റി പണിയേണ്ടതുണ്ട്. ഉരുള്‍പൊട്ടലില്‍ ഇടിഞ്ഞ് താണ ഭാഗങ്ങൾ അപകട ഭീഷണി ഉയർത്തുന്നതിനാൽ സംരക്ഷണ ഭിത്തിയും ഒരുക്കേണ്ടതുണ്ട്. മലയങ്ങാട് തകർന്ന പാലവും വീടുകൾ ഉൾപ്പെടെ പുതുപുതുക്കിപ്പണിയണം. ഉരുൾപൊട്ടൽ മേഖലയിൽ മൈനിങ് ജിയോളജി വകുപ്പ് പഠനം ആരംഭിച്ചിട്ടുണ്ട്. റവന്യൂ കൃഷി വകുപ്പുകളുടെ നേതൃത്വത്തില്‍ അദാലത്ത് ക്യാമ്പുകളിലൂടെ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്.