വിലങ്ങാട് ഉരുള്‍പൊട്ടല്‍: 33 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു, വാസയോഗ്യമല്ലാതെ 79 വീടുകള്‍, ഉരുള്‍പൊട്ടലില്‍ നഷ്ടം 200 കോടി


നാദാപുരം: വിലങ്ങാട് ഉരുള്‍പൊട്ടലില്‍ 112 വീടുകള്‍ വാസയോഗ്യമല്ലെന്ന് കണ്ടെത്തി. വാണിമേല്‍ എഞ്ചിനീയറിംഗ് വിഭാഗം നടത്തിയ വിവരശേഖരണത്തില്‍ 33 വീട് പൂര്‍ണമായും തകര്‍ന്നതായും 79 വീടുകള്‍ താമസയോഗ്യമല്ലെന്നും കണ്ടെത്തി. പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയര്‍ സി.വി രേവതിയുടെ നേതൃത്വത്തില്‍ വിലങ്ങാട്, മഞ്ഞച്ചീളി, അടിച്ചിപ്പാറ, പാനോം, ആനക്കുഴി, മലയങ്ങാട്, പന്നിയേരി എന്നീ പ്രദേസങ്ങളിലെ കണക്കാണ് എടുത്തത്.

വീടുകള്‍ക്കൊപ്പം 12 വ്യാപാര സ്ഥാപനങ്ങളും അങ്കണവാടികളും തകര്‍ന്നിട്ടുണ്ട്. കെട്ടിടങ്ങള്‍ക്ക്‌ 35ലക്ഷം രൂപയുടെ നാശവും പഞ്ചായത്ത് റോഡുകള്‍ക്ക് 10കോടിയുടെ നാശവും ഉണ്ടായിട്ടുണ്ട്. എഞ്ചിനീയറിംഗ് വിഭാഗം നല്‍കിയ പ്രാഥമിക വിവരം പഞ്ചായത്ത്‌ സെക്രട്ടറി കെ.വിനോദന്‍ കലക്ടര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്.

കൃഷി ഉപജീവനമാക്കിയ മേഖലയില്‍ ഏതാണ്ട് 50 ഹെക്ടര്‍ കൃഷിയാണ് നഷ്ടമായിരിക്കുന്നത്. ഉരുൾപൊട്ടലിൽ കെഎസ്ഇബിക്ക് 1.30 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. വിലങ്ങാട് നഗരം, ഉരുട്ടി പാലം മുതൽ പാനോം വരെ രണ്ട് കിലോമീറ്റർ 11 കെവി ലൈനും നാല് കിലോമീറ്റർ ലോ ടെൻഷൻ ലൈനും പൂർണമായും തകർന്നു. അടിച്ചിപ്പാറയിൽ രണ്ട് ട്രാൻസ്ഫോർമറുകൾ ഒലിച്ചുപോയി. മഞ്ഞച്ചീളിയിൽ ഒരെണ്ണം മണ്ണിടിഞ്ഞും നശിച്ചു.

കെഎസ്ഇബി വടകര സർക്കിളിന് കീഴിലെ നാദാപുരം ഡിവിഷനിൽ നാദാപുരം സബ് ഡിവിഷനിൽ പരപ്പുപാറ സെക്‌ഷന് കീഴിലാണ് ദുരന്തമുണ്ടായ വിലങ്ങാട് ഉൾ‌പ്പെടുന്നത്. കെഎസ്ഇബി ക്വിക്ക് റെസ്‌പോൺസ് ടീം (ക്യുആർഎസ്) നേതൃത്വത്തിൽ കഴിഞ്ഞ ദിവസങ്ങളിലായി ഉരുട്ടി മുതൽ മഞ്ഞക്കുന്ന് വരെ വൈദ്യുതി ലൈൻ പുനഃസ്ഥാപിച്ചിട്ടുണ്ട്‌. എച്ച്ടി, എൽടി ലൈൻ വലിക്കാനുള്ള 110 പോസ്റ്റുകൾ സ്ഥാപിച്ചു. ക്യുആർഎസിനൊപ്പം വടകര നോർത്ത്, സൗത്ത്, ബീച്ച്, നാദാപുരം, പരപ്പുപാറ സെക്‌ഷനിലെ ജീവനക്കാരും ഉദ്യോ​ഗസ്ഥരും തൊഴിലാളികളും ചേർന്ന് യുദ്ധകാലാടിസ്ഥാനത്തിലായിരുന്നു പ്രവർത്തനം.