വിലങ്ങാട് ഉണ്ടായത് വലിയ തകർച്ച, ക്യാമ്പുകളിൽ ഉള്ളവരുടെ അഭിപ്രായം കൂടി പരിഗണിച്ചശേഷം പുനരധിവാസം ഉറപ്പാക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്; വിലങ്ങാട് ദുരന്തബാധിതാ പ്രദേശം മന്ത്രി സന്ദർശിച്ചു
വിലങ്ങാട്: നിരവധി ഉരുൾപൊട്ടൽ ഉണ്ടായ വിലങ്ങാട് കൂടുതൽ മനുഷ്യജീവനുകൾ നഷ്ടപ്പെട്ടില്ല എന്നതൊഴിച്ചാൽ തകർച്ച വലിയ രീതിയിലുള്ളതാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. വിലങ്ങാട് ഉരുൾപൊട്ടിയ പ്രദേശങ്ങൾ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
വയനാടിന്റെ ഭീകരമായ ദുരന്തത്തിന് ഇടയിൽ വിലങ്ങാട് സംഭവിച്ച ആഘാതത്തിന്റെ വ്യാപ്തി വേണ്ടരീതിയിൽ പുറത്തുവന്നിട്ടില്ല. മാത്യു മാസ്റ്ററുടെ ജീവൻ നഷ്ടപ്പെട്ടു. നിരവധി കെട്ടിടങ്ങളും വീടുകളും കടകളും റോഡുകളും കലുങ്കുകളും പാലങ്ങളും കൃഷിയും നഷ്ടമായി. കോഴിക്കോട് ജില്ലാ കലക്ടർ ഓരോ വകുപ്പുമായും ബന്ധപ്പെട്ട നാശ നഷ്ടങ്ങളുടെ വിശദ റിപ്പോർട്ട് സമാഹരിക്കുന്നുണ്ട്. റിപ്പോർട്ട് ലഭിച്ചാലുടൻ സ്ഥലം എംപി, എംഎൽഎ, ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, മറ്റ് തദ്ദേശസ്ഥാപന പ്രതിനിധികൾ എന്നിവരുമായി യോഗം ചേർന്ന് ആളുകളുടെ പുനരധിവാസ കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളുമെന്ന് മന്ത്രി വ്യക്തമാക്കി.
പുനരധിവാസം തീരുമാനിക്കുന്നത് മുൻപ് ക്യാമ്പിൽ കഴിയുന്നവരുടെ അഭിപ്രായം ആരായൽ പരമപ്രധാനമാണെന്നും അവരെ കേട്ടശേഷമേ പുനരധിവാസം എങ്ങനെ, എവിടെ വേണം എന്ന് തീരുമാനിക്കുകയുള്ളൂ എന്ന് മന്ത്രി റിയാസ് കൂട്ടിച്ചേർത്തു. സർട്ടിഫിക്കറ്റുകൾ അടക്കം പ്രധാനപ്പെട്ട രേഖകൾ നഷ്ടപ്പെട്ടവർക്കായി സ്പെഷ്യൽ അദാലത്ത് നടത്തുമെന്നും മന്ത്രി പറഞ്ഞു. ക്യാമ്പിൽ കഴിയുന്ന വിദ്യാർഥികളുടെ പഠനം മുടങ്ങാതിരിക്കാൻ വേണ്ട സൗകര്യങ്ങൾ അടിയന്തരമായി ചെയ്യും. ഇക്കാര്യം വിദ്യാഭ്യാസമന്ത്രിയുമായി സംസാരിക്കും. ഓൺലൈൻ പഠനം ഏർപ്പെടുത്തണമെങ്കിൽ അത് ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
ഇന്ന് രാവിലെയാണ് മന്ത്രി വിലങ്ങാടെത്തിയത്. ഉരുട്ടിപാലം, ദുരിതാശ്വാസ ക്യാമ്പുകൾ, മരണമടഞ്ഞ മാത്യു മാഷിന്റെ വീട് എന്നിവിടങ്ങളിൽ മന്ത്രി സന്ദർശനം നടത്തി. ഷാഫി പറമ്പിൽ എംപി, ഇ.കെ.വിജയൻ എംഎൽഎ , ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ്, ആർഡിഒ അൻവർ സാദത്ത്, തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി വനജ, റവന്യു ഉദ്യോഗസ്ഥർ തുടങ്ങിയവർ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.