വിലങ്ങാട് സമഗ്ര പുനരധിവാസ പദ്ധതി നടപ്പിലാക്കും, പുഴകളിൽ അടിഞ്ഞ കല്ലുകളും മരങ്ങളും നീക്കം ചെയ്യും; മന്ത്രിമാരുടെ നേതൃത്വത്തിൽ യോഗം ചേർന്നു
നാദാപുരം: ഉരുള്‍പൊട്ടലിൽ എല്ലാം തകർന്ന് ദുരിതമനുഭവിക്കുന്ന വിലങ്ങാടിന് സമഗ്രമായ പുനരധിവാസം ആസൂത്രണം ചെയ്ത് നടപ്പാക്കുമെന്ന് കോഴിക്കോട് ജില്ലയുടെ ചുമലെയുള്ള മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ഒരാള്‍ മരണപ്പെടുകയും കനത്ത നാശനഷ്ടം സംഭവിക്കുകയും ചെയ്ത വിലങ്ങാട് ദുരന്തം സർക്കാർ ഗൗരവത്തിലാണ് കാണുന്നത്. അവിടെ സമഗ്രമായ പുനരധിവാസം നടപ്പാകും വരെ വാടക വീട് ഉള്‍പ്പെടെയുള്ള താല്‍ക്കാലിക പുനരധിവാസ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകും.
വീടുകള്‍ക്ക് സംഭവിച്ച കൃത്യമായ നാശനഷ്ടം, എത്ര വീടുകള്‍ വാസയോഗ്യമല്ലാതായി എന്നതിന്റെ കണക്ക് ആഗസ്റ്റ് 17ന് മുമ്പ് നല്‍കാൻ കലക്ടറോട് ആവശ്യപ്പെട്ടു. ഉരുള്‍പൊട്ടലിനെ തുടർന്ന് നാല് ഗ്രാമ പഞ്ചായത്തുകളിലെ പുഴകളില്‍ കല്ലുകളും മരങ്ങളും അടിഞ്ഞത് നീക്കം ചെയ്യാനും കലക്ടർക്ക് നിർദേശം നല്‍കി, ഇതുസംബന്ധിച്ച് ഇന്ന് ചേർന്ന ഓണ്‍ലൈൻ യോഗത്തില്‍ മന്ത്രി റിയാസ് വ്യക്തമാക്കി.
കലക്ടറുടെ വിശദമായ അന്തിമ റിപ്പോർട്ടിനായി കാക്കുകയാണെന്ന് യോഗത്തില്‍ പങ്കെടുത്ത മന്ത്രി കെ. രാജൻ വ്യക്തമാക്കി. ദുരന്തബാധിതരെ സുരക്ഷിതമായ സ്ഥലത്ത് ടൗണ്‍ഷിപ്പ് മാതൃകയില്‍ പുനരധിവസിപ്പിക്കാൻ കഴിയുന്ന മാസ്റ്റർപ്ലാൻ തയാറാക്കണമെന്ന് ഷാഫി പറമ്ബില്‍ എം.പി ആവശ്യപ്പെട്ടു. വിലങ്ങാടിനായി സുമനസുകള്‍ വാഗ്ദാനം ചെയ്ത വീട് ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ ഈ മാസ്റ്റർ പ്ലാനുമായി ഏകോപിപ്പിച്ച് ഒരു പാക്കേജ് ആക്കണം.
ഉരുള്‍പൊട്ടലിനെ തുടർന്ന് വാണിമേല്‍, നാദാപുരം, എടച്ചേരി വളയം പുഴകളില്‍ ആയിരക്കണക്കിന് മരങ്ങളും ടണ്‍ കണക്കിന് കല്ലുകളും അടിഞ്ഞിട്ടുണ്ടെന്നും ഇത് യുദ്ധകാലാടിസ്ഥാനത്തില്‍ നീക്കം ചെയ്തില്ലെങ്കില്‍ പുഴ ഗതി മാറി ഒഴുകാൻ സാധ്യതയുണ്ടെന്നും ഇ കെ വിജയൻ എംഎല്‍എ ചൂണ്ടിക്കാട്ടി. വരുമാനം നിലച്ച ദുരന്തബാധിതർക്ക് പ്രതിമാസ തുക അനുവദിക്കണം. ക്യാമ്ബുകളില്‍ ഉള്ളവരെ വീടുകളിലേക്ക് മാറ്റുമ്ബോള്‍ സുരക്ഷിതമായ വീട് ആണോ എന്നറിയണമെങ്കില്‍ വിദഗ്ധ സംഘത്തിന്റെ പരിശോധന പൂർത്തിയാക്കണം.
ഓരോ വകുപ്പും നല്‍കുന്ന നാശനഷ്ടങ്ങളുടെ കണക്കിനും പുനരധിവാസ നിർദ്ദേശങ്ങള്‍ക്കും കൃത്യമായ ഡോക്യുമെന്റഷൻ നിർബന്ധമാണ്. ദുരന്തത്തെക്കുറിച്ച് സമഗ്രമായി പഠിക്കാൻ നാലംഗ വിദഗ്ധസംഘം നാളെ (ആഗസ്റ്റ് 12) വിലങ്ങാട് എത്തുമെന്ന് ജില്ലാ കലക്ടർ സ്നേഹില്‍ കുമാർ സിങ് അറിയിച്ചു.
ജിയോളജിസ്റ്റ്, ഹൈഡ്രോളജിസ്റ്റ്, സോയില്‍ കണ്‍സർവേഷനിസ്റ്റ്, ഹസാർഡ് അനലിസ്റ്റ് എന്നിവരടങ്ങുന്നതാണ് സംഘം. ഡ്രോണ്‍ പരിശോധന തുടങ്ങിക്കഴിഞ്ഞു. മേഖലയിലെ ഉരുള്‍പൊട്ടല്‍ സാധ്യതാ കേന്ദ്രങ്ങള്‍ അറിഞ്ഞശേഷമാകും പുനരധിവാസം സംബന്ധിച്ച് റിപ്പോർട്ട് നല്‍കുക. വകുപ്പുതല നാശനഷ്ടങ്ങളുടെ കണക്കിന് പുറമേ വ്യക്തികളോട് നേരില്‍ സംസാരിച്ചു തയ്യാറാക്കിയ കണക്കും സർക്കാരിലേക്ക് നല്‍കും. സ്ട്രക്ചറല്‍ അസസ്മെന്റ് നടത്തിയ ശേഷമേ പുനരധിവാസ മേഖലയെക്കുറിച്ച് തീരുമാനമെടുക്കാൻ സാധിക്കുകയുള്ളൂ.