വികസന കുതിപ്പില്‍ സംസ്ഥാന സര്‍ക്കാര്‍: ‘വികസന വരകള്‍’ ജില്ലാതല ഉദ്ഘാടനം നാളെ കൊയിലാണ്ടിയില്‍


കൊയിലാണ്ടി: രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ജില്ലയിലെ തദ്ദേശ കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന ‘വികസന വരകള്‍’ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം നാളെ (ഏപ്രില്‍ 25) കൊയിലാണ്ടി യു.എ ഖാദര്‍ പാര്‍ക്കില്‍ നടക്കുമെന്ന് എന്റെ കേരളം പ്രീ ഇവന്റുകളുടെ നോഡല്‍ ഓഫീസര്‍ എ.കെ അബ്ദുല്‍ ഹക്കീം അറിയിച്ചു.

വൈകീട്ട് നാലിന് കൊയിലാണ്ടി നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം നിര്‍വഹിക്കും. നഗരസഭ പരിധിയിലെ യുപി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി തലങ്ങളിലെ വിദ്യാര്‍ത്ഥികള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍, ചിത്രകലാ അധ്യാപകര്‍, പ്രാദേശിക ചിത്രകാരന്മാര്‍ എന്നിവര്‍ സമൂഹ ചിത്രരചനയുടെ ഭാഗമാകും.

ജില്ലയിലെ വിവിധ തദ്ദേശ കേന്ദ്രങ്ങളിലായി ഏപ്രില്‍ 24 മുതല്‍ 29 വരെയാണ് വികസന വരകള്‍ സംഘടിപ്പിക്കുക. ജില്ലയിലെയും തദ്ദേശ തലങ്ങളിലേയും വികസന നേട്ടങ്ങള്‍ ക്യാന്‍വാസില്‍ ചിത്രീകരിക്കും. മത്സര വിജയികള്‍ക്ക് സമ്മാനങ്ങളും പങ്കെടുക്കുന്നവര്‍ക്കെല്ലാം ഇ സര്‍ട്ടിഫിക്കറ്റുകളും നല്‍കും. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, വിദ്യാഭ്യാസ വകുപ്പ്, സമഗ്ര ശിക്ഷ കേരള, ബിആര്‍സി യൂണിറ്റുകള്‍, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി.

തദ്ദേശ തലങ്ങളില്‍നിന്ന് തെരഞ്ഞെടുക്കുന്ന വിദ്യാര്‍ത്ഥികളെയും ചിത്രകലാ അധ്യാപകരെയും ഭിന്നശേഷി വിദ്യാര്‍ത്ഥികളെയും ഉള്‍പ്പെടുത്തിയുള്ള ജില്ലാതല മെഗാ ചിത്രരചന മെയ് ഒന്നിന് കോഴിക്കോട് ബീച്ചില്‍ സംഘടിപ്പിക്കും. പ്രമുഖ ചിത്രകാരന്മാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കാളികളാകും.

Description: ‘vikasana Varakal’ district-level inauguration tomorrow in Koyilandy