ടൂറിസത്തോടൊപ്പം വടകരയിലെ തീരദേശ മേഖലയ്ക്കും ഉണർവേകും; വികസന സെമിനാറുമായി വടകര നഗരസഭ


വടകര: വടകര നഗരസഭയുടെ 2025 -26 വാർഷിക പദ്ധതിയുമായി ബന്ധപ്പെട്ട വികസന സെമിനാർ സംഘടിപ്പിച്ചു. ടൗൺ ഹാളിൽ നടന്ന സെമിനാർ നഗരസഭാ അധ്യക്ഷ കെ പി ബിന്ദു ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി കെ സതീശൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

ടൂറിസം മേഖലയ്ക്കും വടകരയിലെ തീരദേശ മേഖലകൾക്കും ഉണർവേകുന്ന രീതിയിലേക്കുള്ള നിർദ്ദേശങ്ങളും അഭിപ്രായങ്ങളുമാണ് വാർഡ് സഭകളിൽ നിന്നും വർക്കിംഗ്‌ ഗ്രൂപ്പ്‌ യോഗങ്ങളിൽ നിന്നും വന്ന നിർദ്ദേശങ്ങൾ ക്രോഡീകരിച്ച് വികസന സെമിനാറിലേക്ക് എത്തിയത്. വളരുന്ന വടകരയുടെ വാഹന പാർക്കിങ്ങിന് ആവശ്യമായ സംവിധാനങ്ങൾ ഒരുക്കാനുള്ള ചർച്ചകൾ ഉയർന്നുവന്നു. പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായുള്ള വാർഷിക പദ്ധതി രൂപീകരിക്കുമ്പോൾ അഭിമാനകരമായ ഒട്ടേറെ പദ്ധതികൾ ആവിഷ്കരിച്ച് യാഥാർത്ഥ്യമാക്കിയ ചാരിതാർത്ഥ്യത്തോടെ നടപ്പ് വർഷ പദ്ധതികൾ നിർവഹിച്ചു തീർക്കാനുള്ള വ്യഗ്രതയോടൊപ്പം തന്നെയാണ്പുതിയ പദ്ധതികൾ രൂപീകരിക്കുന്ന വികസന സെമിനാറും നടത്തിയത്.

അതിദരിദ്രരില്ലാത്ത കേരളമായി നമ്മുടെ സംസ്ഥാനം പ്രഖ്യാപിക്കുമ്പോൾ വടകര നഗരസഭയും അത് യാഥാർത്ഥ്യമാക്കി കൊണ്ടിരിക്കുകയാണ്. അവരുടെ ഉന്നമനത്തിന് വേണ്ടിയുള്ള എല്ലാ പ്രവർത്തനങ്ങളും ന​ഗരസഭ പൂർത്തീകരിച്ചിരിക്കുകയാണ്. ലൈഫ് ഭവന പദ്ധതി പ്രകാരം 777 അപേക്ഷകരിൽ 689 പേരുടെ ഭവനങ്ങൾ പൂർത്തീകരിച്ച് താമസമാരംഭിച്ചു. കൂടാതെ സംസ്ഥാനത്തെ ആദ്യജല ബജറ്റ് അവതരിപ്പിച്ച നഗരസഭയും നെറ്റ് സീറോ കാർബൺ പദ്ധതി കൃത്യമായി ഏറ്റെടുത്തു നടപ്പിലാക്കി കൊണ്ടിരിക്കുന്ന നഗരസഭയാകാനും വടകരയ്ക്ക് സാധിച്ചു.

കുടിവെള്ളത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങൾക്കു കണക്ഷൻ കൊടുക്കാൻ പദ്ധതി വച്ച് 1832 പേർക്ക് വെള്ളം എത്തിക്കാൻ സാധിച്ചിട്ടുണ്ട്. ശേഷിക്കുന്ന അപേക്ഷകർക്കും വെള്ളം ലഭ്യമാക്കാനുള്ള നടപടികൾ പുരോ​ഗമിക്കുകയാണ്.

അടിസ്ഥാന സൗകര്യങ്ങൾ മേഖലയുടെ വികസനത്തോടൊപ്പം സാംസ്‌കാരിക ചത്വരം, ജൂബിലി കുളം, ഇല്ലത്തു താഴ കുളം, ആശുപത്രികൾ, കളിസ്ഥലങ്ങൾ, കായിക പ്രൊജക്റ്റ്‌, പുതിയാപ്പ് ട്രഞ്ചിങ് ഗ്രൗണ്ടിനെ വീണ്ടെടുക്കുന്ന ബയോ മൈനിംഗ് പ്രവർത്തനം തുടങ്ങിയ അഭിമാനകരമായ പദ്ധതികളുമായി ഭരണ സമിതി പ്രവർത്തിച്ചു വരുന്നു.

ചടങ്ങിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ രാജിത പതേരി, എ പി പ്രജിത, എം ബിജു, സിന്ധു പ്രേമൻ, ആസൂത്രണ സമിതി വൈസ് ചെയർമാൻ പി പി ഭാസ്കരൻ, ആസൂത്രണ സമിതി അംഗങ്ങൾ ആയ കെ കെ മഹമൂദ്, കെ വി ശശി മാഷ്, കെ സി പവിത്രൻ മാഷ് കൌൺസിൽ പാർട്ടി ലീഡർമാരായ എൻ കെ പ്രഭാകരൻ, വി കെ അസീസ് മാഷ്, പി കെ സിന്ധു, കെ കെ വനജ, സി കെ കരീം, എ പ്രേമ കുമാരി എന്നിവർ സംസാരിച്ചു.