‘കണ്ടോ ഇവിടെയിന്ന് കുരുവികള്‍ക്ക് മങ്ങലം’; സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി കലവറയിലെ ഡാന്‍സ്: വൈറല്‍ ദൃശ്യത്തിനു പിന്നിലെ കഥയിങ്ങനെ (വീഡിയോ കാണാം)
കണ്ണൂര്‍: ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സൂപ്പര്‍ ഹിറ്റായി ഓടുന്നത് കേവലം ഒരു മിനുറ്റില്‍ താഴെയുള്ള ഒരു കുഞ്ഞു വീഡിയോ ആണ്. കണ്ണൂരിലെ ഒരു കല്യാണ വീട്ടില്‍ നിന്നുള്ള ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്. എന്താകും ഈ വീഡിയോ വൈറലാകാന്‍ കാരണം? സാധാരണ കല്യാണ വീടുകളില്‍ നിന്ന് വ്യത്യസ്തമായി എന്താണ് ഇതിലുള്ളത്.
ഒന്നുമില്ല എന്നതാണ് ഈ വീഡിയോ വൈറലാവാന്‍ കാരണം. നമ്മുടെ നാട്ടിലെ ഏതൊരു കല്യാണ വീട്ടിലും കാണാന്‍ കഴിയുന്ന ഒരു സാധാരണ കാഴ്ച മാത്രമാണ് ഈ വീഡിയോയിലുള്ളത്. ആ സ്വാഭാവികത തന്നെയാണ് ഈ വീഡിയോയെ ഇത്ര ജനപ്രിയമാക്കുന്നത്. തങ്ങളെ ഏല്‍പ്പിച്ച ജോലികള്‍ കൃത്യമായി ചെയ്ത് കൊണ്ടാണ് വീഡിയോയിലുള്ളവര്‍ പാട്ടിന് ചുവടു വയ്ക്കുന്നത്.
കണ്ണൂര്‍ ജില്ലയിലെ മുണ്ടയാടിന് സമീപമുള്ള പള്ളിരത്തെ കല്യാണ വീട്ടില്‍ നിന്നാണ് ഈ ദൃശ്യങ്ങള്‍. വധുവിന്റെ വീട്ടിലെ കലവറയാണ് ‘ലൊക്കേഷന്‍’. ഭക്ഷണം എടുത്ത് കൊടുക്കുന്നവരും വിളമ്പുന്നവരുമാണ് വീഡിയോയില്‍ അവരുടെ ജോലിക്കിടെ ആസ്വദിച്ച് ചുവടു വയ്ക്കുന്നത്. കക്ഷി അമ്മിണി പിള്ള എന്ന ചിത്രത്തിലെ ‘കണ്ടോ ഇവിടെ ഇന്ന് കുരുവികള്‍ക്ക് മങ്ങലം’ എന്ന കണ്ണൂരിന്റെ പശ്ചാത്തലത്തിലുള്ള പാട്ടിനാണ് ഇവര്‍ തകര്‍ത്താടുന്നത്.
എല്‍.ജി.എം വെഡ്ഡിങ്‌സ് എന്ന സ്റ്റുഡിയോയ്ക്ക് വേണ്ടി ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറായ ഷിജിലാണ് ഈ മനോഹരമായ ദൃശ്യം പകര്‍ത്തിയത്. ജനുവരിയില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ രണ്ട് ദിവസം മുമ്പ് ഇന്‍സ്റ്റഗ്രാമില്‍ അപ്‌ലോഡ് ചെയ്തതോടെയാണ് അത് ഇന്റര്‍നെറ്റിനെ പിടിച്ച് കുലുക്കിയത്.
‘കല്യാണം കഴിഞ്ഞ് വീട്ടുകാര്‍ക്ക് ആല്‍ബവും വീഡിയോയും കൈമാറി. അതിന് ശേഷം അന്നെടുത്ത വീഡിയോകള്‍ വീണ്ടും കണ്ടപ്പോഴാണ് ഈ ഭാഗം ശ്രദ്ധിച്ചത്. ഈ പാട്ട് കല്യാണവീട്ടിലെ ഗാനമേളയില്‍ പാടിയപ്പോഴാണ് അവര്‍ ചുവടുവച്ചത്. എന്നാല്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുന്നതിന് മുമ്പായി എഡിറ്റ് ചെയ്ത് വ്യക്തതയുള്ള യഥാര്‍ത്ഥ പാട്ട് വീഡിയോയില്‍ കൂട്ടിച്ചേര്‍ത്തു.’ -ഷിജില്‍ പറഞ്ഞു.
ഗൃഹാതുരത്വ ഓര്‍മ്മകളിലേക്ക് തിരികെ കൊണ്ടുപോയ ഈ വീഡിയോ നിരവധി പേരാണ് ഇതിനകം കണ്ടത്. കണ്ടവര്‍ തന്നെ വീണ്ടും വീണ്ടും കാണുന്നുവെന്നാണ് കമന്റ് ചെയ്യുന്നത്. നിരവധി പേരാണ് വീഡിയോ ഷെയര്‍ ചെയ്തത്. വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ള പ്രമുഖരും വീഡിയോ പങ്കുവച്ചിട്ടുണ്ട്.