പേരാമ്പ്രയിലെ വിക്ടറി ടൈല്‍സ് നാളെ തുറന്ന് പ്രവര്‍ത്തിക്കും; തീരുമാനം ജില്ലാ ലേബര്‍ ഓഫീസര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍, തൊഴിലാളികളെ തിരിച്ചെടുത്തില്ലെങ്കില്‍ വീണ്ടും സമരം തുടരുമെന്ന് സമരസമിതി


പേരാമ്പ്ര: തൊഴിലാളി സമരത്തെ തുടര്‍ന്ന് അടച്ചു പൂട്ടിയ പേരാമ്പ്രയിലെ ടൈല്‍സ് ആന്റ് സാനിറ്ററീസ് ശനിയാഴ്ച്ച തുറന്ന് പ്രവര്‍ത്തിക്കും. സമര സമിതി പ്രവര്‍ത്തകരുടെയും മാനേജ്‌മെന്റിന്റെയും നേതൃത്വത്തില്‍ ജില്ലാ ലേബര്‍ ഓഫീസര്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് തീരുമാനമായത്.

ശനിയാഴ്ച്ച സ്ഥപനം തുറന്ന് പ്രവര്‍ത്തിക്കും. ഞായര്‍ അവധി കഴിഞ്ഞ് തിങ്കളാഴ്ച്ച വീണ്ടും യോഗം ചേരാനും തീരുമാനമായി. സസ്‌പെന്‍ഷനിലുള്ള ഒരു തൊഴിലാളിയെ ഒഴികെ മറ്റ് ആറുപേരെ തിങ്കളാഴ്ച്ചത്തെ യോഗത്തോടെ തിരിച്ചെടുക്കുമെന്ന വ്യവസ്ഥയിലാണ് ഇന്നത്തെ യോഗം പിരിഞ്ഞത്.

അതേസമയം തിങ്കളാഴ്ച്ച ചേരുന്ന യോഗത്തോടെ തൊഴിലാളികളെ തിരിച്ചെടുക്കാന്‍ വേണ്ട നടപടികള്‍ സ്ഥാപനത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായില്ലെങ്കില്‍ വീണ്ടും കട അടപ്പിക്കുകയും സമരം തുടരുകയും ചെയ്യുമെന്ന് സി.ഐ.ടി.യു പേരാമ്പ്ര ഏരിയാ സെക്രട്ടറി കെ സുനില്‍ പറഞ്ഞു.

കോഴിക്കോട് ജില്ലാ ലേബര്‍ ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ ലേബര്‍ ഓഫീസര്‍, വിക്ടറി ടൈല്‍സ് ആന്റ് സാനിറ്ററി മാനേജ്‌മെന്റ് പ്രതിനിധികള്‍, സമരസമിതി പ്രവര്‍ത്തകര്‍, സി.ഐ.ടി.യു, ബി.എം.എസ്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രവര്‍ത്തകര്‍, പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.