ജീവനക്കാരെ പിരിച്ച വിട്ട സംഭവം: പേരാമ്പ്രയിലെ വിക്ടറി സ്ഥാപനത്തിനെതിരെ സമരം ശക്തമാക്കുമെന്നും മാനേജ്‌മെന്റ് ഒത്തുതീര്‍പ്പിന് തയ്യാറല്ലെങ്കില്‍ മറ്റ് സ്ഥാപനങ്ങളിലേക്ക് സമരം വ്യാപിക്കുമെന്നും സമര സമിതി
പേരാമ്പ്ര: തൊഴിലാളികളുടെ അവകാശങ്ങള്‍ നിഷേധിക്കുകയും തൊഴില്‍ അനീതിക്ക് നേരെ പ്രതികരിച്ചവരെ പിരിച്ച് വിടുകയും ചെയ്ത പേരാമ്പ്രയിലെ വിക്ടറി സ്ഥാപനത്തിനെതിരെ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്ന് സമര സമിതി നേതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. മാനേജ്‌മെന്റ് ഒത്തുതീര്‍പ്പിന് തയ്യാറായില്ലെങ്കില്‍ ഇവരുടെ മറ്റ് സ്ഥാപനങ്ങളിലേക്കും സമരം നടത്തുമെന്നും സമര സമിതി നേതാക്കള്‍ വ്യക്തമാക്കി.
ജൂണ്‍ ഒന്നിന് സമര സഹായ കമ്മിറ്റി രൂപീകരിക്കുകയും മാനേജ്‌മെന്റിന്റെ ധിക്കാരമായ നടപടികളില്‍ പ്രതിഷേധിച്ച് സമരരീതി ശക്തമാക്കുമെന്നും നേതാക്കള്‍ പറഞ്ഞു.
രണ്ട് വനിതാ ജീവനക്കാരികള്‍ ഉള്‍പ്പെടെ ഏഴു പേരെയാണ് മാനേജ്മെന്റ് പിരിച്ചു വിട്ടത്. സ്ഥാപനത്തില്‍ പതിനാലും പതിനാറും വര്‍ഷത്തോളക്കാലം ജോലി ചെയ്തു വരുന്ന തൊഴിലാളികള്‍ക്കുപോലും യാതൊരു വിധ ആനുകൂല്യങ്ങളും സ്ഥാപനത്തിന്റെ ഭാഗത്തുനിന്നും ലഭിച്ചിരുന്നില്ല. ഇതിന്റെ പേരില്‍ യൂണിയനുകള്‍ ഇടപെട്ട് ലേബര്‍ വകുപ്പിന് പരാതി നല്‍കുകയും ലേബര്‍ വകുപ്പ് ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കണമെന്ന് അറിയിപ്പു നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് മാനേജ്മെന്റ് പ്രതികാര നടപടി എന്ന രീതിയില്‍ ജീവനക്കാരെ പിരിച്ചു വിട്ടത്. സ്ഥാനത്തില്‍ ഒരു ട്രേഡ് യൂണിയനുകളും പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല, പിരിച്ചു വിട്ട ജീവനക്കാരെ തിരിച്ചെടുക്കില്ല എന്ന കര്‍ശന നിലപാടില്‍ തുടരുകയാണ് മാനേജ്മെന്റ്.
പത്രസമ്മേളനത്തില്‍ സി.ഐ.ടി.യു ഏരിയ സെക്രട്ടറി കെ.സുനില്‍, സി.ഐ.ടി.യു ജില്ല കമ്മിറ്റിയംഗം ശശികുമാര്‍ പേരാമ്പ്ര, യൂണിയന്‍ ഏരിയ സെക്രട്ടറി കെ.പി സജീഷ്, സി.ഐ.ടി.യു പഞ്ചായത്ത് സെക്രട്ടറി എം.കെ ലാല്‍, ബി.എം.എസ് പഞ്ചായത്തംഗം ചന്ദ്രന്‍ കുണ്ടുങ്കര, ബി.എം.എസ് ജില്ലാ ജോയന്റ് സെക്രട്ടറി ദിലീപ് തുടങ്ങിയവര്‍ പങ്കെടുത്തു.