വീണ്ടും മത്സരത്തിനൊരുങ്ങി ഇരുകക്ഷികളും; ചെറുവണ്ണൂർ ഗ്രാമപ്പഞ്ചായത്തിൽ ഇന്ന് വൈസ് പ്രസിഡൻറ് തിരഞ്ഞെടുപ്പ്


പേരാമ്പ്ര: ചെറുവണ്ണൂർ ഗ്രാമ പഞ്ചായത്തിൽ വൈസ് പ്രസിഡൻറ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. ഉപതിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട എൽ. ഡി.എഫിന് ഭരണം നഷ്ടപ്പെട്ടതിന് പിന്നാലെ സി.പി.എമ്മിലെ വി.പി. പ്രവിത വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചതിനെ തുടർന്ന് പുതിയ തിരഞ്ഞെടുപ്പിന് അരങ്ങൊരുങ്ങുകയായിരുന്നു.

എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി വി.പി. പ്രവിതയാണ് മത്സരിക്കുന്നത്. യു.ഡി.എഫിന്റെ സ്ഥാനാർത്ഥി മുസ്ലിം ലീഗിലെ ആദില നിബ്രാസാണ്. വനിതാ സംവരണമാണ് പഞ്ചായത്ത് വൈസ് പ്രസിഡൻറ് സ്ഥാനം.

യു.ഡി.എഫിന് എട്ട്, എൽ.ഡി.എഫിന് ഏഴ് എന്നിങ്ങനെയാണ് ഭരണസമിതിയിലെ കക്ഷിനില. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഒരംഗത്തിന്റെ ഭൂരിപക്ഷത്തിൽ എൽ.ഡി.എഫാണ് പഞ്ചായത്ത് ഭരിച്ചിരുന്നത്. എന്നാൽ പ്രസിഡൻറായിരുന്ന സി.പി.ഐ.യിലെ ഇ.ടി. രാധ മരിച്ചതിനെ തുടർന്ന് വാർഡിൽ ഉപതിരഞ്ഞെടുപ്പ് നടത്തുകയായിരുന്നു. ശേഷം തിരഞ്ഞെടുപ്പിൽ കക്കറ മുക്ക് വാർഡിൽ വിജയിച്ച യു.ഡി.എഫ്. ഭരണം പിടിച്ചെടുക്കുകയായിരുന്നു.