‘വൈബ് വിജയാരവം’ നാളെ; വടകരയില്‍ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലേക്ക്‌


വടകര: കെ.കെ രമ എം.എല്‍.എയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ വൈബിന്റെ ആഭിമുഖ്യത്തില്‍ വടകര നിയോജകമണ്ഡലത്തിലെ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എപ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്ന ‘വിജയാരവം’ ഞായറാഴ്ച രാവിലെ 9 മണിക്ക് വടകര ടൗണ്‍ഹാളില്‍ നടക്കും.

വിജയാരവത്തിന്റെ ഉദ്ഘാടനവും നൂറുമേനി നേടിയ സ്‌കൂളുകള്‍ക്കുള്ള വൈബിന്റെ അനുമോദനവും നിയുക്ത എം.പി ഷാഫി പറമ്പില്‍ നിര്‍വഹിക്കും. ഡോ.ശശികുമാര്‍ പുറമേരി കുട്ടികള്‍ക്കുള്ള ബോധവത്കരണ ക്ലാസ് നടത്തും.

വൈബ് അക്കാദമിക് കൗണ്‍സില്‍ ചെയര്‍മാന്‍ കെ.ടി മോഹന്‍ദാസ് അധ്യക്ഷനാകും. ജനപ്രതിനിധികൾ, ജില്ലയിലെ വിവിധ വിദ്യാഭ്യാസ ഓഫീസർമാർ പരിപാടിയിൽ പങ്കെടുക്കും. വിജയാരവത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വൈബ് സംഘാടകര്‍ അറിയിച്ചു.