സംഗീത പ്രേമികളുടെ മനം കവരാനായി തേന്‍ നിലാവ്; വെങ്ങപ്പറ്റ ഹൈസ്‌കൂള്‍ പ്രവേശനോത്സവ ഗാനം പ്രകാശനത്തിനൊരുങ്ങി
വെങ്ങപ്പറ്റ: ആസ്വാദകരുടെ മനസ്സില്‍ ഇടം നേടാനായി ഒരുങ്ങിയിരിക്കുകയാണ് വെങ്ങപ്പറ്റ ഗവണ്‍മെന്റ് ഹൈസ്‌ക്കൂളിന്റെ പ്രവേശനോത്സവ ഗാനം. ‘തേന്‍ നിലാവ്’ എന്ന് പേരിട്ടിരിക്കുന്ന ഗാനത്തിന്റെ ഔദ്യോഗിക പ്രകാശനം ഗായകനും പാട്ടെഴുത്തുകാരനുമായ വി.ടി മുരളി മെയ് 23ന് തന്റെ ഫേസ്ബുക്കിലൂടെ നിര്‍വഹിക്കും.
നവല്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ വെങ്ങപ്പറ്റ ഹൈസ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപകനായ നിജീഷ് മണിയൂരാണ് ഗാനത്തിന്റെ രചയിതാവ്. വരികള്‍ക്ക് സംഗീതം പകര്‍ന്ന് ആലപിച്ചത് എം.ടി. ശിവദാസന്‍ മാസ്റ്ററാണ്. ദേവനന്ദ, അന്‍വിത്ത് രാജ്, സരിഗ രവീന്ദ്രന്‍ ,ശിവ പ്രസാദ് എന്നീ വിദ്യാര്‍ത്ഥികളാണ് പിന്നണി ഗാനമാലപിച്ചത്.
പ്രവേശനോത്സവഗാനത്തോടൊപ്പം നിജീഷ് മണിയൂരിന്റെ 9 ലളിതഗാനങ്ങളും പുറത്തിറങ്ങുന്നുണ്ട്. കലോത്സവ വേദികളില്‍ കൈയടി നേടിയ പല ലളിതഗാനങ്ങളുടെയും രചയിതാവ് കൂടിയാണ് അദ്ദേഹം.
ജനകീയ വായനശാല & ഗ്രന്ഥാലയം നടത്തിയ സംസ്ഥാന തല കവിതാ രചന മത്സരത്തില്‍ ‘ഇലകളുടെ വേരോര്‍മകള്‍ ‘ എന്ന കവിതയ്ക്ക് മൂന്നാം സ്ഥാനവും തുഞ്ചന്‍ സ്മാരക ഗ്രന്ഥാലയം മണിയൂര്‍ പഞ്ചായത്ത് അടിസ്ഥാനത്തില്‍ നടത്തിയ കവിതാ രചനാ മത്സരത്തില്‍ ‘സ്വപ്നങ്ങള്‍ക്ക് നേരെ ചൂണ്ടപ്പെട്ട തോക്കുകള്‍ ‘ എന്ന കവിതയ്ക്ക് ഒന്നാം സ്ഥാനവും നിജീഷ് മണിയൂരിന് ലഭിച്ചിട്ടുണ്ട്.