അങ്ങാടിയിലെ പീടികമുകളിൽ 39 കുട്ടികളുമായി തുടങ്ങിയ സ്കൂൾ; ഒരു നാടിനാകെ അക്ഷര വെളിച്ചം പകർന്ന വെള്ളികുളങ്ങര എൽ.പി. സ്കൂൾ ശതാബ്ദിയുടെ നിറവിൽ


ഒഞ്ചിയം : ഒരു നാടിന് അക്ഷര വെളിച്ചം പകർന്ന വെള്ളികുളങ്ങര എൽ.പി. സ്കൂൾ ശതാബ്ദിയുടെ നിറവിൽ. അഞ്ചുമാസം നീളുന്ന ആഘോഷപരിപാടികൾ ഡിസംബർ ഏഴിന് തുടങ്ങും. പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനത്തോടെയാണ് പരിപാടികൾക്ക് തുടക്കമാകുക.

ഏഴിന് വൈകീട്ട് 3 മണിക്ക് മന്ത്രി സജി ചെറിയാൻ കെട്ടിട ഉദ്ഘാടനവും ശതാബ്ദി ആഘോഷ ഉദ്ഘാടനവും നിർവഹിക്കും. കെ.കെ. രമ എം.എൽ.എ. അധ്യക്ഷയാകും. തുടർന്ന് കലാസന്ധ്യയിൽ കുട്ടികളുടെ നാടകം, കോൽക്കളി, മാജിക് ഷോ, നൃത്തനൃത്യങ്ങൾ, സംഗീത വിരുന്ന് എന്നിവ ഉണ്ടാകും. അഞ്ചിന് വൈകീട്ട് നാല് മണിക്ക് വിളംബരഘോഷയാത്ര നടക്കും.

1925-ൽ പ്രദേശത്തെ വിദ്യാഭ്യാസ സൗകര്യ പിന്നോക്കാവസ്ഥയ്ക്ക് പരിഹാരംകാണാൻ ഗുരിക്കൾ എന്നറിയപ്പെട്ട കൊയിലോത്തുകണ്ടി രാമൻ നമ്പ്യാർ വെള്ളികുളങ്ങര അങ്ങാടിയിലെ ഒരു പീടികമുകളിൽ 39 കുട്ടികളും മൂന്ന് അധ്യാപകരുമായി തുടങ്ങിയതാണ് ഈ സ്കൂൾ.
1953-ൽ ശിവക്ഷേത്രത്തിന് സമീപം സ്വന്തം സ്ഥലംവാങ്ങി ഓലഷെഡിലേക്ക് പ്രവർത്തനം മാറ്റി. ഇന്ന് നൂറിന്റെ നിറവിലെത്തുമ്പോൾ ഉന്നത നിലവാരമുള്ള എല്ലാ സൗകര്യങ്ങളോടു കുടിയുള്ള കെട്ടിടത്തിലേക്ക് സ്കൂളിന്റെ പ്രവർത്തനം മാറുകയാണ്.