അടുക്കളയിലും കിടപ്പുമുറികളിലുമെല്ലാമുണ്ട്, തേരട്ട ശല്യത്താല്‍ ദുരിതത്തിലായി വേളം പഞ്ചായത്ത് നിവാസികള്‍


കുറ്റ്യാടി: തേരട്ട ശല്യത്താല്‍ ജീവിതം ദുസ്സഹമായി വേളം പഞ്ചായത്ത് നിവാസികള്‍. പഞ്ചായത്തിലെ കുറിച്ചകം, മണിമല മേഖലകളിലുള്ളവരാണ് തേരട്ട ശല്യത്താല്‍ ബുദ്ധിമുട്ടിലായിരിക്കുന്നത്. അടുക്കളയിലും കിടപ്പുമുറികളിലും, മുറ്റത്തും പറമ്പിലും പ്രത്യേകതരം തേരട്ടകളാണ് ജനങ്ങള്‍ക്ക് ദുരിതമാകുന്നത്.

നിര്‍ദിഷ്ട കുറ്റ്യാടി നാളികേര പാര്‍ക്കിനോട് ചേര്‍ന്ന റബ്ബര്‍ തോട്ടങ്ങളില്‍ അടുത്ത കാലത്താണ് മലഞ്ചേരട്ടകള്‍ പെരുകിയത്. മഴ തുടങ്ങിയാല്‍ കൂട്ടമായി വീട്ടില്‍ ഇഴഞ്ഞെത്തുന്നു. കുടിവെള്ള സ്രോതസ്സുകളിലും റോഡുകളിലും കൂട്ടമായി ചാവുകയും ചെയ്യുന്നു. ഇവയുടെ ശരീരത്തില്‍ നിന്നും പുറത്തേക്ക് വരുന്ന രൂക്ഷഗന്ധമുള്ള ദ്രാവകം ചര്‍മ രോഗങ്ങള്‍ക്കും ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്കും കാരണമാകുന്നു. തേരട്ട ശല്യത്തിന് ഉടനെ പരിഹാരം കണ്ടെത്തണമെന്നും ഇവയെ കൂട്ടമായി നശിപ്പിക്കാനും ഇവ പെരുകുന്നതിന്റെ കാരണം കണ്ടെത്തണമെന്നുമാണ് കുറിച്ചകത്തെയും മണിമലയിലെയും ജനങ്ങളുടെ ആവശ്യം.