കുറ്റ്യാടി ചുരത്തിൽ വാഹനങ്ങൾ കത്തി നശിക്കുന്നത് നിത്യ സംഭവമാകുന്നു; മൂന്ന് കൊല്ലത്തിനിടെ തീപ്പിടിച്ചത് 10 വാഹനങ്ങൾക്ക്, അപകടത്തിന് പിന്നിലെ കാരണം എന്താണ്?
കുറ്റ്യാടി: കുറ്റ്യാടി ചുരത്തിൽ വാഹനങ്ങൾ കത്തിനശിക്കുന്നത് നിത്യസംഭവമാകുന്നു. മൂന്ന് കൊല്ലത്തിനിടയിൽ ചുരത്തിൽ നാലു ട്രാവലർ, നാലു കാർ, രണ്ടു ബൈക്ക് എന്നിവ തീപിടിച്ച് കത്തി നശിച്ചതായാണ് ഫയർ സ്റ്റേഷനിൽ നിന്നുള്ള റിപ്പോർട്ട്. തൊട്ടിൽപാലം മുതൽ പൂതംപാറവരെ ഉയർന്ന കയറ്റമാണ്. അവിടെ എത്തുമ്പോഴേക്കും വാഹനങ്ങൾ നന്നായി ചൂടാവും.ചുരം കയറുമ്പോഴാണ് തീപിടിക്കുന്നത്.
മുൻ കാലങ്ങളിൽ പൂതംപാറയിൽ നിർത്തിയിട്ട് വെള്ളമൊഴിച്ച് തണുപ്പിച്ചാണ് വാഹനങ്ങൾ ചുരം കയറിയിരുന്നത്. അതിനാൽ തീപിടിത്തം ഉണ്ടായിരുന്നില്ല. ഇപ്പോൾ വാഹനങ്ങളിൽ കൂളിങ് സംവിധാനം ഉള്ളതിനാൽ ഇതിന്റെ ആവശ്യം വരുന്നില്ല. ചുറം റോഡിന്റെ അശാസ്ത്രീയതയാണ് തീപിടിത്തത്തിനും അപകടങ്ങൾക്കും കാരണമായി ഡ്രൈവർമാർ പറയുന്നത്. എന്നാൽ, വാഹനങ്ങളുടെ പഴക്കവും എക്സ്ട്രാ ഫിറ്റിങ്ങുകളും കാരണമുണ്ടാവുന്ന ഷോർട്ട് സർക്യൂട്ടുമാണ് വാഹനങ്ങൾക്ക് തീപിടക്കാൻ കാരണമായി ചിലർ പയറുന്നത്.
ദിവസങ്ങൾക്ക് മുൻപ് നാലാം വളവിലാണ് വളയത്തുനിന്ന് വയനാട്ടിലേക്ക് പോകുന്ന ട്രാവലർ കത്തിനശിച്ചത്. അധിക വാഹനങ്ങളിലും തീ കെടുത്താനുള്ള സംവിധാനങ്ങളില്ല. ഇതിനാൽ ഡ്രൈവറും യാത്രക്കാരും നിസ്സഹായരാണ്. തീപിടിത്തമുണ്ടായാൽ നാദാപുരം ചേലക്കാട് നിന്ന് അഗ്നി രക്ഷസേന എത്തണം. അവർ ചുരത്തിലെത്തുമ്പോഴേക്കും വാഹനങ്ങൾ പൂർണമായി തീമൂടി കഴിഞ്ഞിട്ടുണ്ടാകും.അതിനാൽ തൊട്ടിൽപാലത്തോ കുറ്റ്യാടിയിലോ അഗ്നിരക്ഷാ കേന്ദ്രം സ്ഥാപിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്.
Description: Vehicles burning down at Kuttyadi Pass is a daily occurrence; 10 vehicles caught fire in three years, what is the reason behind the accident?