ദേശീയപാതയില്‍ റോഡ് പണി; നന്തിയില്‍ വാഹനങ്ങള്‍ വഴിതിരിച്ചുവിടുന്നു, ചെറുറോഡുകളില്‍ ഗതാഗതക്കുരുക്ക്- വാഹനങ്ങള്‍ കടന്നുപോകേണ്ടതിങ്ങനെ
കൊയിലാണ്ടി: ദേശീയപാതയില്‍ നന്തിയില്‍ റോഡ് പ്രവൃത്തി നടക്കുന്നതിനാല്‍ ഇതുവഴിയുള്ള വാഹന ഗതാഗതത്തില്‍ നിയന്ത്രണം. കോഴിക്കോട് നിന്നും കണ്ണൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാവിലെ മുതല്‍ വാഹനങ്ങള്‍ കടത്തിവിടാതായതോടെ സമീപത്തുള്ള ചെറുറോഡുകളിലും മറ്റും ഗതാഗതക്കുരുക്കായിരിക്കുകയാണ്.
നന്തിയില്‍ നിന്നും ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ പള്ളിക്കര റോഡുവഴിയാണ് കടത്തിവിടുന്നത്. ഇവിടെ നിന്ന് കീഴൂരിലേക്ക് പോകുന്നതിന് പകരം പലരും തിക്കോടിയിലേക്കുള്ള വഴിയിലിറക്കുന്നുണ്ടെന്നും ഇവിടെ നിന്നും പൊലീസ് ബീച്ച് റോഡിലൂടെ കൊളാവിപ്പാലം വഴി കടത്തിവിടുകയാണ് നിലവില്‍ ചെയ്തുകൊണ്ടിരിക്കുന്നതെന്നാണ് പ്രദേശവാസികള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞത്. ഈ റോഡുകള്‍ വലതും വീതികുറഞ്ഞതായതിനാല്‍ ഗതാഗതക്കുരുക്കിന് ഇടയാകുന്നുണ്ട്.
മുമ്പ് ഇത്തരത്തില്‍ ഗതാഗത നിയന്ത്രണമുണ്ടാകുമ്പോള്‍ നേരത്തെ അറിയിപ്പ് നല്‍കാറുണ്ട്. ഇന്നത്തെ നിയന്ത്രണത്തെക്കുറിച്ച് അറിഞ്ഞത് രാവിലെ വാഹനങ്ങള്‍ ദേശീയപാതവഴി കടത്തിവിടാതായതോടെയാണെന്നും നാട്ടുകാര്‍ പറഞ്ഞു. ഇതാണ് ബുദ്ധിമുട്ടുകള്‍ക്ക് ഇടയാക്കിയത്.
ഇന്നലെ തന്നെ അറിയിപ്പ് നല്‍കിയിരുന്നെന്നാണ് പയ്യോളി പൊലീസ് പറയുന്നത്. കോഴിക്കോട് നിന്നും കണ്ണൂര്‍ ഭാഗത്തേക്ക് പോകുന്ന ബസുകള്‍ ഒഴികെയുള്ള വലിയ വാഹനങ്ങള്‍ പൂളാടിക്കുന്ന്, അത്തോളി, ഉള്ള്യേരി, പേരാമ്പ്ര, കുറ്റ്യാടി, നാദാപുരം, പെരിങ്ങത്തൂര്‍ വഴി കണ്ണൂര്‍ ഭാഗത്തേക്ക് പോകണമെന്നാണ് നിര്‍ദേശം. ബസുകളും മറ്റ് ചെറുവാഹനങ്ങളും നന്തി, പള്ളിക്കര, കീഴൂര്‍, തുറശ്ശേരിമുക്ക്, മണിയൂര്‍ വഴി വടകര ഭാഗത്തേക്കും പോകണം. കണ്ണൂരില്‍ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് നിയന്ത്രണമില്ല.
Description: Vehicles are being diverted at Nandi