അറിവേകി അറുപത്തി ഒന്‍പത് വര്‍ഷം; വെങ്ങപ്പറ്റ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ ഇന്ന് വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും


പേരാമ്പ്ര: വെങ്ങപ്പറ്റ ഗവണ്‍മെന്റ് ഹൈസ്‌കൂളിന്റെ അറുപത്തി ഒന്‍പതാം വാര്‍ഷികവും യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിക്കുന്നു. വര്‍ണ്ണം – 2023 എന്ന പേരില്‍ നടക്കുന്ന പരിപാടിയുടെ ഭാഗമായി ഒരുക്കിയ പൂര്‍വ്വ അധ്യാപക വിദ്യാര്‍ത്ഥി സംഗമം ചൊവ്വാഴ്ച്ച രാവിലെ 10മണിയ്ക്ക് എം.പി കെ മുരളീധരന്‍ ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു കെ.കെ അധ്യക്ഷത വഹിക്കും.

വാര്‍ഡ് മെമ്പര്‍ ടി രാജശ്രീ മുഖ്യ അതിഥിയാവും. ജനതിനിധികള്‍, പൂര്‍വ്വ അധ്യാപക-പൂര്‍വ്വ വിദ്യാര്‍ത്ഥി പ്രതിനിധികള്‍ എന്നിവര്‍ ചടങ്ങില്‍ ആശംസകള്‍ അര്‍പ്പിക്കും. വിദ്യാര്‍ത്ഥികളുടെയും അധ്യാപകന്മാരുടെയും അനുഭവങ്ങള്‍ പങ്കുവെക്കല്‍, തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ എന്നിവ അരങ്ങേറും. നാലുമണി മുതല്‍ അംഗനവാടി നഴ്‌സറി ഫെസ്റ്റ് നടക്കും.

വൈകുന്നേരം ആറുമണിക്ക് വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും എംഎല്‍എ ടി.പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജാശശി അധ്യക്ഷത വഹിക്കും. പ്രതിഭകള്‍ക്കുള്ള അനുമോദനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു നിര്‍വഹിക്കും. ഡിഡിഇ സി മനോജ് കുമാര്‍ മുഖ്യ അതിഥിയാവും.

ജനപ്രതിനിധികള്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും. തുടര്‍ന്ന് കലാനിശ, 9 മണി മുതല്‍ കലാദര്‍ശന്‍ കരോക്കെ സംഗീത നിശ എന്നിവയും അരങ്ങേറും.