പുലിപ്പല്ല് കേസിൽ വേടന് ജാമ്യം; അറസ്റ്റിനിടയാക്കിയ സാഹചര്യങ്ങൾ തിരുത്തി വേടൻ തിരിച്ചുവരണം, റാപ്പർ വേടനെ പിന്തുണച്ച് മന്ത്രി എകെ ശശീന്ദ്രൻ


തിരുവനന്തപുരം: ‘വേടന്റെ അറസ്റ്റിൽ വനം വകുപ്പിന്റെ നടപടികളുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങൾ നിർഭാഗ്യകരമെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ. വേടൻ രാഷ്ട്രീയ ബോധമുള്ള മികച്ച കലാകാരനാണെന്നും അറസ്റ്റിനിടയാക്കിയ സാഹചര്യങ്ങൾ തിരുത്തി വേടൻ തിരിച്ചുവരണമെന്നും മന്ത്രി പറഞ്ഞു. സാധാരണ കേസുകളിൽ നിന്നും വ്യത്യസ്തമായി കൂടുതൽ എന്തോ വനം വകുപ്പും വനം മന്ത്രിയും ഈ കേസിൽ ചെയ്യുന്നുവെന്ന നിലയിൽ ചില മാധ്യമങ്ങളും സാമൂഹ്യ മാധ്യമങ്ങളും വാർത്തകൾ സൃഷ്ടിച്ചു. വനം വകുപ്പിനും സർക്കാരിനുമെതിരെ ഈ പ്രശ്നം ഏതു വിധത്തിൽ തിരിച്ചുവിടാമെന്ന് ചില ഭാഗത്ത് നിന്നും ശ്രമങ്ങൾ ഉണ്ടായതായി മന്ത്രി പ്രതികരിച്ചു.

കേസുകൾ സംബന്ധിച്ച് അകാരണമായ ആശങ്ക സൃഷ്ടിക്കും വിധം ദൃശ്യമാധ്യമങ്ങളോട് വനം വകുപ്പിലെ ചില ഉദ്യോഗസ്ഥർ പ്രതികരിച്ചത് അംഗീകരിക്കാനാവില്ല. സർക്കാരിന്റെ അനുമതിയില്ലാതെ ഇത്തരം പരസ്യ പ്രതികരണങ്ങൾ നടത്തുന്നത് സർക്കാർ ജീവനക്കാരുടെ പെരുമാറ്റ ചട്ടങ്ങൾക്ക് വിരുദ്ധമാണ്. കേസിനെ പെരുപ്പിച്ചു കാണിക്കാനിടയായ പ്രതികരണം നടത്തിയതിന് കോടനാട് ഫോറസ്റ്റ് റേഞ്ച് ഓഫീസർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരോട് വിശദീകരണം ആരായാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

പുലിപ്പല്ല് കൈവശം വച്ച കേസിൽ റാപ്പർ വേടനെന്ന ഹിരൺ ദാസ് മുരളിക്ക് ജാമ്യം ലഭിച്ചു. പെരുമ്പാവൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നൽകിയത്. മനഃപ്പൂർവം തെറ്റ് ചെയ്തിട്ടില്ലെന്നു വേടൻ ജാമ്യാപേക്ഷയിൽ പറഞ്ഞു.