പേരാമ്പ്രയിലെ ഹോട്ടല്‍ ജീവനക്കാര്‍ക്ക് ഏപ്രില്‍ ഒന്ന് മുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധം; ടൈഫോയിഡ് വാക്സിൻ കാരുണ്യാ ഫാര്‍മസികളിലൂടെ കുറഞ്ഞ വിലയില്‍ ലഭിക്കും


പേരാമ്പ്ര: സംസ്ഥാനത്തുടനീളം ഭക്ഷ്യമേഖലയിൽ പ്രവർത്തിക്കുന്ന ജീവനക്കാർക്ക് ഏപ്രില്‍ ഒന്നുമുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കി ഉത്തരവ്. നേരത്തെ രണ്ടു തവണ തീയതി നീട്ടി നൽകിയിരുന്നു. ഹെൽത്ത് കാർഡ് ലഭിക്കാൻ ആരോഗ്യവകുപ്പ് നിർദേശിച്ച ടൈഫോയ്ഡ് വാക്സിൻ കിട്ടാനില്ലാത്തതും അതെടുക്കാനുള്ല തിരക്കുമായിരുന്നു തീയതി നീട്ടാൻ കാരണമായത്.

ടൈഫോയ്ജ് വാക്സിൻ, വിരശല്യത്തിനുള്ള ഗുളിക എന്നിവ നിർബന്ധമായും സ്വീകരിച്ചാലേ ഹെൽത്ത് കാർഡ് നൽകൂ എന്ന് ആരോഗ്യവകുപ്പ് ഡയറക്ടറുടെ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.

വളരെ കുറഞ്ഞ വിലയില്‍ കാരുണ്യ ഫാര്‍മസികള്‍ വഴി ടൈഫോയ്ഡ് വാക്‌സിന്‍ ആരോഗ്യ വകുപ്പ് ലഭ്യമാക്കിയിട്ടുണ്ട്. പൊതുവിപണിയില്‍ 350 രൂപ മുതല്‍ 2000 രൂപയ്ക്ക് മുകളില്‍ വരെ വില വരുന്ന ടൈഫോയ്ഡ് വാക്‌സിന്‍ 95.52 രൂപയ്ക്ക് കാരുണ്യ ഫാര്‍മസികള്‍ വഴി ലഭ്യമാകും.

അവശ്യ മരുന്നുകളുടെ കൂട്ടത്തില്‍ ഉള്‍പ്പെടാത്തതിനാല്‍ ടൈഫോയ്ഡ് വാക്സിന്‍ കെഎംഎസ്സിഎല്‍ വഴി ലഭ്യമാക്കിയിരുന്നില്ല. മെഡിക്കല്‍ സ്റ്റോറുകള്‍ വഴി വിലകൂടിയ വാക്സിന്‍ മാത്രമേ ലഭ്യമാകുന്നുള്ളൂവെന്ന പരാതി നേരത്തേ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് പരമാവധി വിലകുറച്ച് ടൈഫോയ്ഡ് വാക്സിന്‍ ലഭ്യമാക്കാന്‍ മന്ത്രി വീണാ ജോര്‍ജ് കെഎംഎസ്സിഎല്ലിന് നിര്‍ദേശം നല്‍കിയത്.